ഉത്തരവ് പാലിച്ചില്ല; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ
1566714
Thursday, June 12, 2025 10:23 PM IST
കോട്ടയം: പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
ആറ് മാസത്തിനുള്ളിൽ പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാമെന്ന കരാറിൽ മുണ്ടക്കയം പുത്തപുരയ്ക്കൽ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിർമാണ ചെലവിനായി നൽകി.
എന്നാൽ കാലാവധിക്കുളളിൽ എതിർകക്ഷി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മുമ്പാകെ പരാതി നൽകി. കമ്മീഷന്റെ വിശദമായ പരിശോധനയിൽ എതിർ കക്ഷിയുടെ ഭാഗത്തു നിന്നു സേവന ന്യൂനത ഉണ്ടായത് കണ്ടെത്തി. ഇതേ തുടർന്ന് പരാതിക്കാരിക്ക് ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാര ചെലവിലേക്ക് 2,000 രൂപയും നൽകണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, എതിർകക്ഷി വിധി പാലിക്കാതെ വന്നതോടെ പരാതിക്കാരി വീണ്ടും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. മതിയായ അവസരം ലഭിച്ചിട്ടും കമ്മീഷന്റെ ഉത്തരവ് എതിർകക്ഷി പാലിക്കാത്തതിനെത്തുടർന്ന് കമ്മീഷനിൽ നിക്ഷിപ്തമായ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രതിക്ക് മൂന്ന് മാസത്തേക്ക് തടവു ശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു.
ഇത്തരം മനോഭാവം സ്വീകരിച്ചാൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടിക്രമങ്ങളിൽ വിജയിക്കാനും നീതി ലഭിക്കാൻ സാധിക്കില്ലെന്ന തെറ്റായ സന്ദേശം ഉപഭോക്താക്കൾക്ക് നൽകുന്നതാണെന്ന് പ്രസിഡന്റ് വി.എസ്. മനുലാൽ, അംഗങ്ങളായിട്ടുള്ള ആർ. ബിന്ദു, കെ. എം.ആന്റോ എന്നിവർ പറഞ്ഞു.