എംസി റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുകയറി
1566713
Thursday, June 12, 2025 10:23 PM IST
കുറവിലങ്ങാട്: ഗതാഗതത്തിരക്കേറിയ എംസി റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുകയറിയിട്ടും നടപടികളില്ല. എംസി റോഡിൽ പലയിടങ്ങളിലുമുള്ള ബസ് കാത്തിരിപ്പ്കേന്ദ്രങ്ങളുടെ അവസ്ഥയാണിത്. ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പച്ചിലപ്പടർപ്പുകൾ മൂടി യാത്രക്കാർക്ക് അന്യമായിരിക്കുകയാണ്.
പലയിടങ്ങളിലും തോട്ടപ്പയറടക്കമുള്ള പച്ചിലയാണ് ബസ് കാത്തിരിപ്പ്കേന്ദ്രത്തിനു മുകളിൽ പന്തൽകണക്കെ വളരുന്നത്. കാടുകയറിയതോടെ ഇഴജന്തുക്കളും തെരുവ് നായ്ക്കളുമാണ് പ്രധാനമായും കാത്തിരിപ്പുകേന്ദ്രങ്ങൾ കീഴടക്കിയിട്ടുള്ളത്.
കെഎസ്ടിപിയുടെ നേതൃത്വത്തിൽ റോഡ് നിർമാണം പൂർത്തീകരിച്ചതിനു പിന്നാലെ റോഡിന്റെ മേൽനോട്ടവും ആവശ്യമായ അറ്റകുറ്റപ്പണികളും കരാർ നൽകിയിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സംരക്ഷണമടക്കം കരാറുകാരാണ് നടത്തേണ്ടത്.
പച്ചിലപ്പടർപ്പിൽ മുങ്ങി ഏറെനാളുകൾ കിടന്നാൽ മേൽക്കൂരയിലെ ഷീറ്റുകളടക്കം തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയിലെത്തും. റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രപോലും സാധ്യമല്ലാത്ത രീതിയിൽ കാടുകയറി കിടക്കുകയാണ്.