നഗരസഭാ കൗണ്‍സില്‍ ഹാള്‍ നവീകരണം : യുഡിഎഫിന്റെ ആരോപണം വസ്തുതാവിരുദ്ധം: ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്
1566707
Thursday, June 12, 2025 7:35 AM IST
ചങ്ങനാശേരി: നഗരസഭാ കൗണ്‍സില്‍ ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ചെയര്പേഴ്സന് കൃഷ്ണകുമാരി രാജശേഖരനും വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജും പ്രസ്തവനയില്‍ പറഞ്ഞു.
കൗണ്‍സില്‍ ഹാള്‍ നവീകരണമെന്നത് 2024-25 ബജറ്റ് നിര്‍ദേശമാണ്. 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ടെന്‍ഡര്‍ ചെയ്തപ്പോള്‍ പല കരാറുകാരുമായി മത്സരിച്ച് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ആര്ട്ട്ക്കോ കരാര്‍ ഏറ്റെടുത്തത് ഇരുപതു ശതമാനം കുറഞ്ഞ നിരക്കിലാണ്. ഇതിനോടകം നടന്ന പ്രവൃത്തികള്‍ക്ക് ആകെ ചെലവായത് 22,11,279 ലക്ഷം രൂപയാണ്.
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി നടത്തിയ ടെന്‍ഡറിന് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നു. നിര്‍മാണം നടത്താന്‍ ആവശ്യമായ എല്ലാ നടിക്രമങ്ങളും പാലിച്ചിട്ടുള്ളതിനാല്‍ ഇതു സംബന്ധിച്ച് ഏതുതരം അന്വേഷണത്തെയും തങ്ങള്‍ക്ക് ഭയക്കേണ്ടതില്ലെന്ന് കൃഷ്ണകുമാരി രാജശേഖരനും മാത്യൂസ് ജോര്‍ജും പറഞ്ഞു.
എന്‍ജിനിയറിംഗ് വിഭാഗത്തെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വിരുന്നു സല്‍ക്കാരം നടത്തിയതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.