800 കോടി രൂപ മുടക്കി നവീകരിച്ച എസി റോഡില്‍ വിള്ളല്‍
1566705
Thursday, June 12, 2025 7:35 AM IST
ചങ്ങനാശേരി: എണ്ണൂറു കോടിയോളം രൂപ മുടക്കി ആധുനികരീതിയില്‍ നവീകരണം പൂര്‍ത്തിയായിവരുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധഭാഗങ്ങള്‍ വിണ്ടുകീറി. റോഡിന്റെ വിവിധ ഭാഗങ്ങള്‍ താഴേക്ക് ഇരുന്നു പോകുന്നതായും കണ്ടെത്തല്‍. കഴിഞ്ഞ ആഴ്ചയില്‍ പെയ്ത മഴയില്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനു പിന്നാലെയാണ് റോഡിന്റെ പല ഭാഗത്തും വിള്ളലും ഇരുത്തലും നേരിടുന്നത്. 24.5 കിലോമീറ്റര്‍ ദൂരമാണ് എസി റോഡിനുള്ളത്.
2018ലെ മഹാമാരിയില്‍ എസി റോഡും കുട്ടനാടും മുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ റീബിള്‍ഡ് കേരളയുടെ ഭാഗമായി ഈ റോഡിന്റെ നവീകരണത്തിനു പദ്ധതിയിട്ടത്. 2020ലാണ് നിര്‍മാണം ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സഹകരണസംഘമാണ് നിര്‍മാണക്കരാറുകാര്‍. നിര്‍മാണ കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും നിര്‍മാണം പൂര്ത്തിയാകാതിരുന്നതുമൂലം കരാറുകാരുടെ ആവശ്യപ്രകാരം കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയായിട്ടാണ് റോഡ് നിര്‍മാണത്തിനു തുടക്കമിട്ടത്. ഈ പദ്ധതിയിലെ അശാസ്ത്രീയ നിര്‍മാണത്തിനെതിരേ തുടക്കത്തില്‍തന്നെ പരാതി ഉയര്‍ന്നിരുന്നു. കുട്ടനാട്ടിലെ പരിസ്ഥിതിക്ക് യോജ്യമല്ലാത്ത രീതിയിലാണ് റോഡ് നിര്‍മാണമെന്നായിരുന്നു വിമര്‍ശനം.
റോഡിന്റെ മാമ്പുഴക്കരി, നെടുമുടി പാലങ്ങളോടു ചേര്‍ന്നാണ് നിരവധി സ്ഥലങ്ങളിൽ റോഡില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. മേയ് അവസാനവാരത്തിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനില്‍ നൂറുമീറ്ററോളം ദൂരത്തിലും ഒന്നാംകരഭാഗത്ത് അമ്പതുമീറ്ററിലധികവും മനയ്ക്കച്ചിറ, പാറയ്ക്കല്‍ ഭാഗങ്ങളും വെള്ളക്കെട്ടിലകപ്പെട്ടത് വാഹനസഞ്ചാരത്തെ ബാധിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളലുകളും റോഡിലെ ഇരുത്തലും ഭാവിയില്‍ റോഡിന് വലിയ തകര്ച്ചക്കിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സാങ്കേതിക തകരാറുകള്‍ പരിശോധിക്കപ്പെടണം
2018 ലെ മഹാമാരിക്കാലത്തെപോലെ വെള്ളം ഉയര്‍ന്നും റോഡില്‍ വെള്ളം കയറിയും ഗതാഗതം തടസപ്പെടരുത്. ഗതാഗതം സുഗമമാകണം. റോഡ് ഉയര്‍ത്താന്‍ പറ്റാത്ത സ്ഥലങ്ങളിലാണ് സെമി എലിവേറ്റഡ് പാലങ്ങള്‍ നിര്‍മിച്ചത്. ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ റോഡ് നവീകരണത്തിലെ പ്രധാനം ലക്ഷ്യം പരാജയപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ ഫുട്പാത്ത് ഉണ്ടായതോടെ റോഡിന്റെ വീതി കുറഞ്ഞു.
24.5കിലോമീറ്ററിലും പാര്‍ക്കിംഗ് സൗകര്യമല്ല. റോഡ് ഉയര്‍ത്തിയതോടെ ഇരുവശങ്ങളിലെ താമസക്കാരും വ്യാപാര സ്ഥാപനങ്ങളും ദുരിതത്തിലാണ്. ചെറിയ പാലങ്ങളുടെ അടിയിലൂടെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഇതുമൂലം റോഡിനടിയിലൂടെ പോകേണ്ട വെള്ളം റോഡ് കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്.
മേല്‍പ്പാലങ്ങള്‍ക്ക് സര്‍വീസ് റോഡുകള്‍ നിര്‍ബന്ധമാണെങ്കിലും നിര്‍മിച്ച പല സര്‍വീസ് റോഡുകളും ശാസ്ത്രീയമല്ല. പഴയ സോവിയറ്റ് യൂണിയനിലെ അസര്‍ബൈജാനിലുള്ള എവറാസ്കോണ്‍ കമ്പനിയുമായി ചേര്‍ന്നാണ് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സഹകരണസംഘം റോഡ് നിര്‍മാണം ഏറ്റെടുത്തത്.
എന്നാല്‍ നിര്‍മാണത്തിനു യോഗ്യതയുള്ള എവറാസ്കോണിന്റെ സാങ്കേതിക ഇടപെടലുകള്‍ ഈ നിര്‍മാണത്തില്‍ കാര്യക്ഷമമായ രീതിയില്‍ ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത നിര്‍ബന്ധമായും പരിശോധിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്.
നിര്‍മാണ കരാറുകാരുടെ വിശദീകരണം ഇങ്ങനെ...
24.5 കിലോമീറ്റര്‍ ദൂരമുള്ള എസി റോഡിന്റെ നിര്‍മാണം 95 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. 10 മീറ്റര്‍ ടാറിംഗ് വീതിയും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതകളും ഉള്‍പ്പെടെ 13 മീറ്ററാണ് റോഡിനു വീതി.
റോഡിന്റെ ബിഎംബിസി നിലവാരത്തിലുള്ള ടാറിംഗ് പൂര്‍ത്തിയായി.14 ചെറിയ പാലങ്ങളും നാല് വലിയ പാലങ്ങളും അഞ്ച് ഫ്ലൈഓവറുകളും മൂന്ന് കോസ്വേകളും ഉള്‍പ്പെടെ 26 പാലങ്ങളാണ് ഈ റോഡിലുള്ളത്. അറുനൂറ് മീറ്റര്‍ ദൂരമുള്ള പള്ളാത്തുരുത്തി പാലത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരികയാണ്.
പാലവും അപ്രോച്ചും തമ്മിലുള്ള ഇടയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. അറുപത് മീറ്ററോളം പൈലിംഗ് നടത്തിയാണ് പാലങ്ങളുടെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ പാലം ഒരിക്കലും ഇരുത്തില്ല. അപ്രോച്ചിന്റെ ഭാഗത്തെ വിള്ളലുകള്‍ പ്രത്യേക മിശ്രിതം നിറച്ച് പ്രശ്നത്തിനു പരിഹാരം കണ്ടുവരികയാണ്.