എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാസംഗമവും 26ന് കടുത്തുരുത്തിയില്‍
1566702
Thursday, June 12, 2025 7:35 AM IST
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥകളെയും പങ്കെടുപ്പിച്ചുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവും 26 ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് പരിപാടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും അവാര്‍ഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിക്കും.
നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എ എക്സലന്‍സ് അവാര്‍ഡിനുവേണ്ടി ആയിരം വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ അനുമോദിച്ചുകൊണ്ടുള്ള പുരസ്കാര സമര്‍പ്പണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സ്കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.