വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകം
1566699
Thursday, June 12, 2025 7:21 AM IST
കടുത്തുരുത്തി: വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. അന്വേഷണം ശക്തമെന്ന് പറയുമ്പോഴും പല കേസുകളിലും മോഷ്ടാക്കള്‍ കാണാമറയത്ത്. പണവും സ്വര്‍ണവും വാഹനങ്ങളും മറ്റു വസ്തുക്കളും നഷ്ടപ്പെടുന്നവര്‍ ജീവിത പ്രതിസന്ധികളിലേക്ക് പോവുകയാണ്. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ അന്വേഷണം ഊര്‍ജിതമായി നടക്കുമെങ്കിലും പിന്നീട് കേസ് വിസ്മൃതിയിലേക്കു പോകുന്നതായാണ് സമീപകാലത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. മോഷ്ടാക്കള്‍ കാണാമറയത്ത് സുരക്ഷിതരായി ജീവിക്കും.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നാട്ടിലുണ്ടായ പ്രധാന മോഷണങ്ങൾ...
മേയ് 31-ന് രാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടണം പോയതാണ് ഒടുവിലത്തെ സംഭവം. മാന്‍വെട്ടം നെടുതുരുത്തിമ്യാലില് എന്‍.ജെ. ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചതെന്ന് വീട്ടുടമയായ ജോയി പറയുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ ഇനിയും വൈകരുതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ജോയി പറയുന്നു.
കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന താഴികക്കുടത്തില ഗോളകത്തിന്റെ ഒരു ഭാഗവും ഓട്ട് ഉരുളിയും കഴിഞ്ഞ മേയ് 16ന് രാത്രി മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. ചുറ്റുവിളക്കിന്റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്തു കയറിയത്. ചൊവ്വാഴ്ച രാത്രി കല്ലറ കുരുശുപള്ളി ജംഗ്ഷനിലെ ബേക്കറി കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നിരുന്നു.
മോഷണം നടത്തിയ രണ്ടു യുവാക്കളുടെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാട്ടാമ്പാക്ക്, ഞീഴൂര്‍ മേഖലകളില്‍ ഏത്തവാഴക്കുലകളും വീടുകളില്‍നിന്ന് മോട്ടോറുകളും വിലപിടിപ്പുള്ള പാത്രങ്ങളും മോഷണം പോയതും അടുത്തിടെയാണ്. ഇതിന് മുമ്പ് കോതനല്ലൂര്‍, കുറുപ്പന്തറ, കടുത്തുരുത്തി പ്രദേശങ്ങളിലെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
പൊതി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ പി.വി. സെബാസ്റ്റ്യന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1.50 ലക്ഷം രൂപ മോഷണം പോയിട്ട് രണ്ടു മാസം പിന്നിടുകയാണ്. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ട നഴ്സിംസംഗ് കോളജ് പ്രിന്‍സിപ്പാളായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിലു ണ്ടായിരുന്നത്. ഉറക്കത്തില്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുടമ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴേക്കും മോഷ്ടാവ് മുന്‍വശത്തെ വാതില്‍വഴി കടന്നുകളയുകയായിരുന്നു.
അടുത്തദിവസം വീട്ടുടമയ്ക്കു സര്‍ജറി നടത്തുന്നതിന്റെ ആവശ്യത്തിലേക്കായി ബാങ്കില്‍നിന്ന് എടുത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. നാളിതുവരെ മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ വെട്ടിക്കാട്ടുമുക്ക് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച സ്റ്റീല്‍ കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ചിരുന്നു. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കള്‍ റോഡ് മുറിച്ചു നടന്നുവന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നു.
വരിക്കാംകുന്നിനു സമീപം സ്വകാര്യസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിവച്ചിരുന്ന ബൈക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ അപഹരിച്ചതാണ് ഒടുവിലത്തെ മോഷണം. തിരുവനന്തപുരം കൊടുവഴുങ്ങൂര് സ്വദേശി നിയാസിന്റെ ബൈക്കാണ് മോഷണം പോയത്. വെള്ളൂര്‍ ഇറുമ്പയത്ത് പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബക്കും മോഷ്ടിച്ചിരുന്നു. സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള കാമറയില്‍ രണ്ടു യുവാക്കള്‍ വാഹനം മോഷ്ടിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഈ മോട്ടോര്‍ സൈക്കിള്‍ പട്ടിത്താനത്ത് സ്ഥാപിച്ചിട്ടുള്ള എഐ കാമറ കടന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോയതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.