അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാൾ
1566696
Thursday, June 12, 2025 7:21 AM IST
വെച്ചൂർ: അച്ചിനകം സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ 794 -ാം ചരമ വാർഷികം അനുസ്മരിച്ചുകൊണ്ടുള്ള ഊട്ടുതിരുനാളിന് കൊടിയേറി. തിരുനാൾ കൊടിയേറ്റിന് ഫാ. പോൾ ആത്തപ്പിള്ളി മുഖ്യകാർമികനായി.
വിശുദ്ധ കുർബാനയെത്തുടർന്ന് മരണ വാർഷികം അനുസ്മരിച്ച് 794 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച നടത്തി. ആദ്യ ദീപം ഫാ. പോൾ ആത്തപ്പിള്ളി തെളിച്ചു. തുടർന്ന് വിശ്വാസികൾ തങ്ങളുടെ നിയോഗാർഥം ദീപങ്ങൾ തെളിച്ചു.
തിരുശേഷിപ്പ് വണക്ക ദിനമായ ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ഫ്രെഡി കോട്ടൂർ നേതൃത്വം നൽകും. ഫാ. ഷെറിൻ മാടവന വചനസന്ദേശം നൽകും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുശേഷിപ്പ് പ്രദക്ഷിണം. തിരുനാൾ ദിനമായ നാളെ രാവിലെ ആറിന് ദിവ്യബലിയെത്തുടർന്ന് നേർച്ചപ്പായസം വെഞ്ചരിപ്പ്.
10.30-ന് നേർച്ചസദ്യ വെഞ്ചരിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജിതിൻ ഞവരക്കാട്ട് നേതൃത്വം നൽകും. ഫാ.ടോം താടിക്കാരൻ വചനസന്ദേശം നൽകും. തുടർന്ന് നേർച്ചസദ്യ. വൈകുന്നേരം 5.30 ന് ദിവ്യബലി, കൊടിയിറക്ക് എന്നിവയാണ് പ്രധാന തിരുക്കർമങ്ങൾ.