മെഡി. കോളജിലെ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ആധുനിക വിശ്രമകേന്ദ്രം
1566693
Thursday, June 12, 2025 7:21 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മെഡിക്കൽ കോളജിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രം നിർമിച്ചത്.
1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികൾ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കിടക്കാനായി രണ്ടുതട്ടുകളായുള്ള കിടക്കകൾ തുടങ്ങിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സ്ഥലമാണ് ക്രമീകരിച്ചിരിക്കുന്നത്. കാമറയും ഏർപ്പെടുത്തിട്ടുണ്ട്.
സർക്കാർ മേഖലയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംരംഭം. കാൻസർ വിഭാഗത്തിലെ നഴ്സുമാരും ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിനുമാണ് ഈ ബിൽഡിംഗിന്റെ സംരക്ഷണച്ചുമതല. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ പദ്ധതി പൂർത്തീകരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അധ്യക്ഷനാകും. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ്, ഡോ.എ. ജബ്ബാർ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ടോം, ഡോ. സാം ക്രിസ്റ്റി മാമ്മൻ, ഡോ. സൂസൻ ഉതുപ്പ്, കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ഓർത്തോ വിഭാഗം മേധാവി ഡോ. ടിജി തോമസ് ജേക്കബ് എന്നിവർ പ്രസംഗിക്കും.