നികന്നും പോള നിറഞ്ഞും തോടുകൾ നശിക്കുന്നു
1566692
Thursday, June 12, 2025 7:21 AM IST
ശാശ്വത പരിഹാരം വേണമെന്ന് നീണ്ടൂർ നിവാസികൾ
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിലെ തോടുകൾ പോളയും പായലും നിറഞ്ഞും നികന്നും നശിക്കുന്നു. ഇതോടെ ചെറിയ മഴയിൽപ്പോലും വെള്ളപ്പൊക്കം പതിവാകുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു.
മുത്തേടത്തുകരി, മുടക്കാലി, താമരച്ചാൽ, പറിച്ചകരി, കൈപ്പുഴക്കരി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന തോടുകൾ. പാടശേഖരങ്ങൾക്കു നടുവിലൂടെ ഒഴുകുന്ന തോടുകൾ കൃഷി ആവശ്യങ്ങൾക്കും യാത്രയ്ക്കും മത്സ്യബന്ധനത്തിനുമൊക്കെയായി നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്നതാണ്. ഈ തോടുകൾക്ക് അനേകം ഉപതോടുകളും കൈവഴികളുമുണ്ട്.
പ്രധാന തോടുകൾ പോളയും പായലും നിറഞ്ഞ് ഒഴുക്കു നിലച്ചതോടെ ഉപതോടുകളും നിശ്ചലമായി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പായലും മറ്റും അഴുകി വെള്ളം മലിനമാവുകയും ദുർഗന്ധം ഉയരുകയും ചെയ്യുന്നു. ദൈനംദിന ആവശ്യങ്ങൾക്ക് തോടുകളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
നികന്ന നിലയിലായ തോടുകൾ വൃത്തിയാക്കുന്നതിനും ആഴപ്പെടുത്തുന്നതിനും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എല്ലാ വർഷവും കൃത്യമായി തോടുകളും ഉപതോടുകളും കൈവഴികളും വൃത്തിയാക്കാൻ പദ്ധതി തയാറാക്കണമെന്നാണ് ആവശ്യം.
എന്നാൽ, പഞ്ചായത്തിലെ തോടുകൾ മാത്രം വൃത്തിയാക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ ചൂണ്ടിക്കാട്ടുന്നു. കുമരകം മുതൽ തോടുകൾ ആഴം കൂട്ടുകയും കൃത്യമായി വൃത്തിയാക്കുകയും വേണം. കാർഷിക കലണ്ടർ അനുസരിച്ച് എല്ലാ പാടശേഖരങ്ങളിലും ഒരേസമയം കൃഷിയിറക്കുകയും കൊയ്ത്ത് നടത്തുകയും വേണം.
തണ്ണീർമുക്കം ബണ്ട് കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള നടപടി ഉണ്ടാകുക കൂടി ചെയ്താലേ പ്രശ്നത്തിന് കൃത്യമായ പരിഹാരം ഉണ്ടാകുകയുള്ളൂ.