മുണ്ടുപാലത്ത് അനധികൃതമായി പാടം നികത്തുന്നു
1566506
Wednesday, June 11, 2025 11:27 PM IST
പാലാ: നഗരസഭാ പരിധിയില്‍ മുണ്ടുപാലത്ത് അനധികൃതമായി പാടം നികത്തുന്നതായി പരാതി. പോണാട് പാടശേഖരത്താണ് വന്‍തോതില്‍ മണ്ണിട്ട് സ്വകാര്യ വ്യക്തികള്‍ നികത്തുന്നത്. രാമപുരം റൂട്ടില്‍ മുണ്ടുപാലത്തുനിന്ന് ഉഴവൂര്ക്കുള്ള റോഡിന് ഇരുവശത്തുമുള്ള പാടങ്ങളിലാണ് മണ്ണിടുന്നത്.
ഇതു സംബന്ധിച്ചു നാട്ടുകാര്‍ റവന്യൂ അധികൃതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഉന്നതരുടെ ഒത്താശയോടെ പാടശേഖരം നികത്തുന്നുവെന്നാണ് ആക്ഷേപം. ലോറികളില്‍ വന്‍തോതില്‍ മണ്ണ് എത്തിച്ചു നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നികത്തല്‍. വര്‍ഷകാലത്ത് വെള്ളം നിറയുന്ന പാടങ്ങളാണ് നികത്തുന്നത്.
അധികമായി എത്തുന്ന വെള്ളം പാടശേഖരത്തിലേക്കു പരക്കുന്നതോടെ മറ്റു പുരയിടങ്ങളില്‍ വെള്ളം കയറാറില്ലായിരുന്നു. പാടശേഖരം നികത്തി പുരയിടമാക്കുന്നതോടെ വീടുകളുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളക്കെട്ടില്‍ നിറയുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
പാടം നികത്തുന്നതോടെ രാമപുരം -പാലാ റോഡിലും പാലാ ഉഴവൂര്‍ റോഡിലും വെള്ളം കയറുവാന്‍ സാധ്യതയേറെയാണെന്നു നാട്ടുകാര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ ഈ ഭാഗത്ത് ജലനിരപ്പുമുയര്ന്നാലും പാടങ്ങളിലേക്കു വെള്ളം നിരക്കുന്നതിനാല് അപൂര്‍വമായേ ഗതാഗത തടസമുണ്ടായിട്ടുള്ളു.