സർവ മനുഷ്യരുടേയും നന്മയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; മാർ ജോസ് പുളിക്കൽ
1566501
Wednesday, June 11, 2025 11:27 PM IST
പെരുവന്താനം: സർവ മനുഷ്യരുടേയും നന്മയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 2025 വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് കോളജിന് തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുവാന്‍ കഴിയുന്നതെന്ന് മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി കോളജില്‍ ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്ററിന് ചെയര്മാന് ബെന്നി തോമസ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. റാങ്ക് ജേതാക്കള്‍ക്ക് പുരസ്കാരവും സ്വര്‍ണ മോതിരവും പ്രശസ്തി പത്രവും സമ്മാനിച്ചു. തുടർന്ന് യുണിവേഴ്സിറ്റി പരീക്ഷയില്‍ എ പ്ലസ് നേട്ടം കൈവരിച്ചവരെയും അനുമോദിച്ചു.
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്‍ മുഖ്യപ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബര്‍ ഡോ. ജോജി അലക്സ്, പെരുവന്താനം സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. സോബിന്‍ താഴത്തുവീട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, കോളജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, പ്രോഗ്രാം കൺവീനർ സുപർണ രാജു, റാങ്ക് ജേതാക്കളായ ദേവനന്ദ എസ്. ദേവ്, ഫർസാന പി. നജീബ്, പി.എം. ഗംഗാമോൾ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കോളജിന്റെ 14 വർഷത്തെ അതുല്യ നേട്ടങ്ങളെ അനുസ്മരിച്ച് പുതിയതായി പ്രവേശനം നടത്തിയ നേടിയ ഫുൾ എ പ്ലസ്കാരില് നിന്നു തെരഞ്ഞെടുക്കപ്പെട്ട 14 പേരെ അനുമോദിച്ചു.