സിഐഎസ്സിഇ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം
1454209
Thursday, September 19, 2024 12:02 AM IST
അതിരമ്പുഴ: ഐസിഎസ്ഇ, ഐഎസ് സി സ്കൂള്‍ ബോര്‍ഡ് (സിഐഎസ്സിഇ) നടത്തുന്ന ദേശീയ കായിക മത്സരങ്ങളുടെ ഭാഗമായുള്ള ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് എംജി യൂണിവേഴ്സിറ്റി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടില്‍ ആവേശത്തുടക്കം.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അരവിന്ദ്കുമാര്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി, പഞ്ചായത്ത് മെംബർ ഷാജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി ഇന്ത്യയില്‍നിന്നുള്ള 13 റീജിയണുകളും ദുബായിയിലെ ഒരു റീജിയണും ഉള്‍പ്പെടുന്ന 41 ടീമുകളിലായി 800 ൽ അധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്ന് സിഐഎസ്സിഇ കേരള റീജിയണ്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോ-ഓര്‍ഡിനേറ്ററും കെഇ സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ പറഞ്ഞു.
എംജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും കെഇ കോളജ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കുള്ള ട്രോഫികളും മെഡലുകളും 21 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.