തീരദേശ റോഡുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
1514864
Sunday, February 16, 2025 11:53 PM IST
ആലപ്പുഴ: അരൂര്‍ മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. വൈകിട്ട് നാലിന് തൈക്കാട്ടുശേരി പഞ്ചായത്ത് തേവര്‍വട്ടം -ചൂരമന റോഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ദലീമ ജോജോ എംഎല്‍എ അധ്യക്ഷയാകും. കെ.സി. വേണുഗോപാല്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ മുഖ്യാതിഥികളാകും.
സംസ്ഥാനത്തെ തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് 2024-25 വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അരൂര്‍ പഞ്ചായത്ത് 14, 15, 16 വാര്‍ഡുകളിലെ എന്‍എച്ച് 66 - ആഞ്ഞിലിക്കാട് റോഡ്, പെരുമ്പളം പഞ്ചായത്ത് 1, 11, 12, 13 വാര്‍ഡുകളിലെ മാര്‍ക്കറ്റ് - പട്ടേക്കാട് റോഡ്, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് വാര്‍ഡ് 17ലെ അയ്യന്‍കോവില്‍ -പണിക്കശേരി റോഡ്, തൈക്കാട്ടുശേരി പഞ്ചായത്ത് 3, 7 വാര്‍ഡുകളിലെ തേവര്‍വട്ടം-ചൂരമന എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.
ചടങ്ങില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെല്‍ഷ്യ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഷിബു, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. എസ്. സ്വപ്ന, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.