അർത്തുങ്കൽ-വേളാങ്കണ്ണി സർവീസിന് കെഎസ്ആര്‍ടിസിയുടെ അവഗണന
1482915
Friday, November 29, 2024 1:50 AM IST
ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസിലിക്കയും വേളാങ്കണ്ണിയും ബന്ധപ്പെടുത്തി ആരംഭിച്ച അർത്തുങ്കൽ-വേളാങ്കണ്ണി കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് സര്‍വീസിന് അവഗണന.
സ്ഥിരം സര്‍വീസായി പ്രഖ്യാപിച്ച് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥിരം സര്‍വീസായി ഓപ്പറേറ്റ് ചെയ്തിരുന്ന ബസിനെ കെഎസ്ആര്‍ടിസി ബജറ്റ് സെല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുള്ള നടപടിക്രമത്തിന്റെ ഭാഗമായി നിര്ത്തിവച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം.
ബജറ്റ് ടൂറിസം പദ്ധതിയിൽ ഉള്‍പ്പെടുത്തിയതിനാല്‍ ഡിമാന്‍ഡുള്ള സമയങ്ങളില്‍ മാത്രമേ സര്‍വീസ് അനുവദിക്കാനാകൂ. സര്‍വീസ് നഷ്ടത്തിലായതുകൊണ്ടാണ് അർത്തുങ്കൽ-വേളാങ്കണ്ണി ബസ് സര്‍വീസിനെ ബജറ്റ് ടൂറിസം പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
അതേസമയം, നഷ്ടത്തിലാണെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെടുന്ന സർവീസിന്റെ റൂട്ട് പുനഃക്രമീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് പരാതി.
നിലവിൽ അശാസ്ത്രീയമായ റൂട്ട് പരിഷ്കരണത്തിലൂടെ സർവീസ് നടത്തുകയും കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് സർവീസുകൾക്ക് സ്റ്റോപ്പ് ഇല്ലാത്ത പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, എറണാകുളം ജെട്ടി, ചെറായി ബീച്ച്, മൂത്തകുന്നം, വെള്ളാങ്കല്ലൂർ, ഇരിങ്ങാലക്കുട വഴി 27 കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ചാണ് വേളാങ്കണ്ണിയിൽ എത്തുന്നത്.
ഇതുമൂലം ചേർത്തല, എറണാകുളം മേഖലയിൽനിന്നും ഉള്ള വേളാങ്കണ്ണി തീർഥാടകർ, ട്രിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കു പോകേണ്ട വിദ്യാർഥികൾ, തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പോകേണ്ട യാത്രക്കാർ തുടങ്ങിയവര്‍ക്ക് കൃത്യസമയത്തു എത്തിച്ചേരാനാകാതെയും വേളാങ്കണ്ണി തീർഥാടകർക്ക് മലയാളം കുർബാനയിൽ പങ്കെടുക്കാനാവാത്ത സ്ഥിതിയുമാണ്. അതുകൊണ്ടാണ് യാത്രക്കാര്‍ ഈ സർവീസിൽ യാത്ര ചെയ്യുവാൻ വിമുഖത കാണിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
ആദ്യകാലങ്ങളില്‍ സർവീസ് തുടങ്ങിയസമയത്ത് സൂപ്പർഫാസ്റ്റ് ബസുകൾ ആണ് അനുവദിച്ചിരുന്നത്. പിന്നീട് സൂപ്പർ ഡീലക്സ് സർവീസ് ആയി ഉയർത്തുകയായിരുന്നു. ചേർത്തല-വൈറ്റിലഹബ്-അങ്കമാലി -തൃശൂർ ദേശീയപാത വഴിയായിരുന്നു മുമ്പ് സര്‍വീസ് നടത്തിയിരുന്നത്. ഈ സര്‍വീസാണ് പിന്നീട് കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സിന് സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിലൂടെ 27 കിലോമീറ്റർ അധിക ദരം ഓടിച്ച് യാത്രക്കാര്‍ക്ക് അധിക സമയനഷ്ടം വരുത്തിവയ്ക്കുന്നത്.
അശാസ്ത്രീയമായ റൂട്ടിലൂടെ സർവീസ് നടത്തി യാത്രക്കാരെ അകറ്റുന്ന നടപടി ആണ് കെഎസ്ആര്‍ടിസി യുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നാണ് പ്രധാന പരാതി. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രിക്കും ചേർത്തല എംഎല്‍എയുമായ കൃഷിമന്ത്രിക്കും നാട്ടുകാര്‍ നിരവധി പരാതികള്‍ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.