പത്രം ഏജന്റിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
1460855
Monday, October 14, 2024 2:44 AM IST
കറ്റാനം: പത്രം ഏജന്റിനെ ആക്രമിച്ച് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് ആസിഫ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന്് പുലര്‍ച്ചെ മൂന്നോടെ ഓച്ചിറ-താമരക്കുളം റോഡില്‍ കിണറുമുക്കിനു സമീപമായിരുന്നു സംഭവം. പത്രവിതരണം നടത്തിക്കൊണ്ടിരുന്ന വള്ളികുന്നം സ്വദേശി സഹദേവനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ കവര്‍ന്ന ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
അവശനിലയില്‍ റോഡില്‍ കിടന്ന സഹദേവനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ മുഖത്തിന് ഗുരുതര പരിക്കേറ്റ സഹദേവന് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ രണ്ടു ശസ്ത്രക്രിയ വേണ്ടി വന്നു.
പ്രതിക്ക് വള്ളികുന്നത്തിന് പുറമേ ഹരിപ്പാട്, നൂറനാട്, കായംകുളം കരീലകുളങ്ങര സ്റ്റേഷനുകളിലായി ഏഴു ക്രിമിനല്‍ കേസ് നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു . ഇയാള്‍ കാപ്പ നിയമപ്രകാരം അടുത്തകാലത്ത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.