കർഷക അവഗണനയ്ക്കെതിരേ ഏകദിന ഉപവാസസമരം 23ന്
1454769
Friday, September 20, 2024 11:56 PM IST
മങ്കൊമ്പ്: കർഷകർക്ക് ലഭിക്കേണ്ട സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുന്നതിൽ 23ന് കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ ഏകദിന ഉപവാസ സമരം നടത്തും.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ സബ്സിഡികൾ ഉടൻ ലഭ്യമാക്കുക, നെല്ലിന്റെ ഉത്പാദനച്ചെലവിന് ഒന്നര ഇരട്ടി കണക്കാക്കി താങ്ങുവില നിശ്ചയിക്കുക, നെല്ല് എത്തിക്കുന്നതിന് കയറ്റിറക്കു ഇനത്തിൽ ക്വിന്റലിന് 300 രൂപ വരെ ചെലവാകുമ്പോൾ സർക്കാർ കർഷകർക്ക് നൽകുന്ന 12 രൂപ കൈകാര്യച്ചെലവ് 300 രൂപയായി വർധിപ്പിക്കുക, പുഞ്ച കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കുക, കുട്ടനാട്ടിലെ കൃഷി ഭൂമിക്ക് അമ്ലത്വം കുറയ്ക്കുന്നതിന് ആവശ്യമായ കൊക്ക, ഡോളമൈറ്റ് യഥാസമയത്ത് ലഭ്യമാക്കുക, മുടങ്ങിക്കിടക്കുന്ന കർഷക പെൻഷൻ ഉടൻ നൽകുക, ഡോ. വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാഷ്ട്രീയ കിസാൻ മഹാസംഘ് നേതൃസമ്മേളനത്തിൽ മേഖല പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം ഉദ്ഘാടനം ചെയ്തു. ചാക്കപ്പൻ ആന്റണി പഴേവീട് പള്ളത്തുശേരി വിഷയാവതരണം നടത്തി. ഭാരവാഹികളായ നൈനാൻ തോമസ് മുളപ്പാംമടം, അലക്സാണ്ടർ പുത്തൻപുര, ടോം ജോസഫ് ചമ്പക്കുളം, ജോസി കുര്യൻ, ടോമിച്ചൻ മേപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.