കാവാലം സ്റ്റേ ബസ് പുനരാരംഭിച്ചു
1454488
Thursday, September 19, 2024 11:31 PM IST
മങ്കൊമ്പ്: കോവിഡ് സാഹചര്യങ്ങളെത്തുടർന്നു നിലച്ചുപോയ കാവാലത്തുനിന്നും കോട്ടയത്തിനും ചങ്ങനാശേരിക്കുമുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിച്ചു. സ്റ്റേ റൂമിന്റെ ഉദ്ഘാടന കർമം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷിയും സ്റ്റേ ബസിന്റെ ഫ്ളാഗ് ഓഫ് കർമം കോട്ടയം ഡിറ്റിഒ പി. അനിൽകുമാറും നിർവഹിച്ചു.
കാവാലം ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ടിരുന്ന കോട്ടയം മെഡിക്കൽ കോളജ്, റയിൽവേ സ്റ്റേഷൻ വഴിയുള്ള ചങ്ങനാശേരി സർവീസുകളാണ് പുനരാരംഭിച്ചത്.
ചങ്ങനാശേരിക്കു പുലർച്ചെ 5.10നും കോട്ടയത്തിനുള്ള ബസ് 5.30 നുമാണ് സർവീസ് നടത്തുന്നത്. കോവിഡിനെ തുടർന്ന് നാലു വർഷങ്ങളായി നിലച്ചുപോയ സ്റ്റേ സർവീസുകൾ പുനരാരംഭിക്കുവാൻ കേരള ജനകീയ പ്രതിരോധ സമിതി നടത്തിയ ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് നടപടിയായത്.
ജീവനക്കാർക്കു രാത്രി താമസത്തിനായി നൽകിയ ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തിൽ ജനകീയ സഹകരണത്തോടെ പ്രതിരോധ സമിതി മറ്റു സൗകര്യങ്ങളൊരുക്കുകയായിരുന്നു.
സമിതി കുട്ടനാട് താലൂക്ക് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമുദായിക സാമൂഹ്യനേതാക്കളായ ടി. ശശി, എബി നീലംപേരൂർ, നന്ദനൻ വലിയപറമ്പ്, വിജയകുമാർ പൂമംഗലം, കെ.സി. സാബു, കെ. സജി, പി.ആർ. സതീശൻ, കുഞ്ഞുമോൻ കാവാലം, ബിജു സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.