അപകടത്തില്‍ ശ്വാസനാളി മുറിഞ്ഞയാള്ക്ക് ചെത്തിപ്പുഴ ആശുപത്രിയില്‍ പുനര്ജന്മം
1442869
Wednesday, August 7, 2024 11:21 PM IST
ചങ്ങനാശേരി: കൂത്രപ്പള്ളിയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ശ്വാസനാളി രണ്ടായി മുറിഞ്ഞ്
ഗുരുതരാവസ്ഥയിലായ 45 വയസുകാരന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ
ചികിത്സയിലൂടെ പുനര്ജന്മം. അപകടത്തെത്തുടര്‍ന്ന് കഴുത്തിലുണ്ടായ ആഴമേറിയ മുറിവില്‍നിന്നുള്ള രൂക്ഷമായ രക്തസ്രാവത്തോടെ രാത്രിയിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. ആറുമാസം മുമ്പ് ഹൃദയാഘാതം മൂലം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ഈ രോഗിയെ വീണ്ടുമൊരു മേജര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുക ശ്രമകരവും സങ്കീര്‍ണ്ണവുമായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗിയുടെ ശ്വാസനാളികള്‍
കൂട്ടിയോജിപ്പിക്കുകയും സിരകളില്‍നിന്നും ധമനികളില്നിന്നുമുള്ള രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു. ട്രക്കിയോസ്റ്റമി ചെയ്ത് രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ സൂക്ഷ്മപരിചരണത്തിനായി ഐസിയുവിലേക്ക് മാറ്റി.
ഒരു മാസക്കാലം തുടര്‍ന്ന് ചികിത്സയുടെ അവസാനം വീഡിയോ ലാരീഞ്ചോസ്കോപ്പിയിലൂടെ ശസ്ത്രക്രിയ വിജയകരമാകുകയായിരുന്നു. രോഗി ഇപ്പോള്‍ പൂര്‍ണആരോഗ്യവാനാണ്.
ഇത്തരം രോഗികളില്‍ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ എല്ലാ പരിശോധനകളും കൃത്യതയോടെ ഇരുപത് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയതും ചീഫ് സര്ജന് ഡോ. ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ അനുഭവപരിചയവും വൈദഗ്ധ്യവും രോഗിക്ക് സംസാരശേഷി തിരികെ ലഭിക്കുവാന്‍ നിര്‍ണായകമായി.
ഇഎൻടി സര്ജന് ഡോ. ജെയ്സ് ജേക്കബ്, അനസ്തെറ്റിസ്റ്റ് ഡോ. അനു അംബൂക്കന്‍, സ്റ്റാഫ് നഴ്സുമാര്‍, ടെക്നീഷന്‍സ് എന്നിവരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
അപകടം നടന്ന ശേഷമുള്ള ആദ്യമണിക്കൂറായ ഗോള്‍ഡന്‍ അവറില്‍ ഏറ്റവും അടുത്തുള്ള മികച്ചആശുപത്രിയിലെത്തിച്ച് വേഗത്തില്‍ ചികിത്സയാരംഭിച്ചാല്‍ അത്രയും വേഗത്തില്‍ രോഗിക്ക് പുതുജീവന്‍ നല്കുവാന് സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.