ജനകീയ സദസ്
1437631
Sunday, July 21, 2024 2:08 AM IST
ചെങ്ങന്നൂർ: ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും മോട്ടോര്‍വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസുകള്‍ ആരംഭിക്കുന്നു. പലയിടങ്ങളിലും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സദസുകള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
ചെങ്ങന്നൂര്‍ താലൂക്കിലെ പരിസരപ്രദേശങ്ങളിലെയും ഇത്തരം റൂട്ടുകള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് നല്കാനുമായുള്ള സദസ് ഓഗസ്റ്റ് ഒന്നിനു രാവിലെ പത്തിന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എൻജനിയറിംഗ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രി സജി ചെറിയാൻ അധ്യഷനാകും. കെഎസ്ആര്‍ടിസി, പിഡബ്ല്യുഡി, പോലീസ്, നഗരസഭ , ത്രിതല പഞ്ചായത്ത് തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ റസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.