ആളില്ലാത്ത വീടുകളില്‍ മോഷണശ്രമം
1430278
Wednesday, June 19, 2024 11:20 PM IST
എടത്വ: ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം. പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം. തലവടിയില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് രണ്ടു ദേവാലയങ്ങളിലും വീടുകളിലും മോഷണവും മോഷണ ശ്രമവും നടന്നത്. പ്രദേശത്ത് മോഷണം പതിവായതോടെ പൊതുജനം ഭീതിയിലായിരിക്കുകയാണ്.
തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കണ്ടത്തിപ്പറമ്പില്‍ വീട്ടിലും ഏഴാം വാര്‍ഡില്‍ കേളമംഗലം പഴയ ഗ്യാസ് ഏജന്‍സി കോമ്പൗണ്ടിലെ വീട്ടിലുമാണ് മോഷണ ശ്രമം നടന്നത്.
ചെക്കിടിക്കാട് കണ്ടത്തിപ്പറമ്പിലെ വീട്ടുടമയും കുടുംബവും വിദേശത്താണ്. ഉടമയുടെ സഹോദരന് ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളവാതില്‍ പൊളിച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇരുനില വീടിന്റെ എല്ലാ റൂമുകളുടെയും വാതില്‍ തകര്‍ത്ത നിലയിലാണ്. ബെഡ് റൂമിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമാണ്.
വാതിലുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ചുറ്റികയും മറ്റ് ആയുധങ്ങളും പരിസരത്തുനിന്ന് കണ്ടടുത്തു. സമാന നിലയിലാണ് കേളമംഗലത്തും മോഷണശ്രമം നടന്നത്. എടത്വ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എടത്വ-തകഴി സംസ്ഥാന പാതയില്‍ പച്ച, ചെക്കിടിക്കാട് പ്രദേശത്തെ പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ടെമ്പോ, ലോറി തുടങ്ങിയ വാഹനങ്ങളില്‍നിന്ന് ബാറ്ററികള്‍ മോഷണം പോയതായും പരാതിയുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് തലവടിയിലെ രണ്ട് ദേവാലയങ്ങളിലും വീടുകളിലും മോഷണവും മോഷണ ശ്രമവും നടന്നത്. ഒരു വീട് കുത്തി തുറന്ന് ഏഴു പവന് സ്വര്‍ണം കവര്‍ന്നിരുന്നു.
മോഷണം പതിവായിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വിരടയാള വിദഗ്ദരും പോലീസ് നായും സംഭവ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തുന്നുണ്ടങ്കിലും മോഷണം തുടരുകയാണ്. പോലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കത്തതാണ് മോഷ്ടാക്കള്‍ വിലസാന്‍ കാരണമെന്ന് പൊതുജനം കുറ്റപ്പെടുത്തുന്നു.