‘വീട്ടിൽ വോട്ട്’ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു
1416988
Thursday, April 18, 2024 12:03 AM IST
ആലപ്പുഴ: 85 വയസിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടില്‍ തന്നെ വോട്ടു രേഖപ്പെടുത്തുന്നത്തിനുള്ള സൗകര്യം മണ്ഡലങ്ങളിൽ നടക്കുന്നു. ആലിശേരി ലത്തേരിപറമ്പിൽ എം. അബ്ദുൽ റഹീമിന്റെ വീട്ടിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അലക്സ് വർഗീസും ഉണ്ടായിരുന്നു. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കുമാണ് വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ സാധിക്കുക.
ഇതിനായി ജില്ലയില്‍ മൈക്രോ ഒബ്സര്‍വര്‍, സ്പെഷല്‍ പോളിംഗ് ഉദ്യോഗസ്ഥന്, സിവില്‍ പോലിസ് ഓഫീസര്‍, കാമറാമാന് എന്നിവര്‍ അടങ്ങിയ 101 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ 25 വരെ ഗൃഹസന്ദര്‍ശനം നടത്തി മേല്‍പ്പറഞ്ഞ പ്രകാരമുള്ള പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഭവനങ്ങളില്‍ തന്നെ വോട്ട് രേഖപ്പെടുന്നതിനുള്ള അവസരം ഒരുക്കുന്നു.