യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
1397031
Sunday, March 3, 2024 5:19 AM IST
ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം കടയിൽനിന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ഹരിപ്പാട് പ്രതിമുഖം ജംഗ്ഷന് വടക്ക് വാടകയ്ക്കു താമസിക്കുന്ന വിഷ്ണു (23) വിനാണ് കുത്തേറ്റത്. പ്രതിയായ വീയപുരം പായിപ്പാട് കടവിൽ വീട്ടിൽ ഫാറൂഖിനെ (26) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചി നായിരുന്നു സംഭവം. അമിതമായി മദ്യപിച്ചെത്തിയ ഫറൂക്കും വിഷ്ണുവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ പിൻഭാഗത്ത് കുത്തേറ്റ വിഷ്ണുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ ഫറൂക്കിന്റെ കൈയ്ക്കും മുറിവു പറ്റിയിട്ടുണ്ട്. ഫാറൂഖ് ഹരിപ്പാട്, വിയപുരം സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.