മൾട്ടി മാർക്കറ്റിംഗ് ഏജന്റുമാരുടെ വ്യാജചികിത്സ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1397022
Sunday, March 3, 2024 5:18 AM IST
ആലപ്പുഴ: മൾട്ടി മാർക്കറ്റിംഗ് ഏജന്റുമാരായ മൂന്നുപേർ അതിൽ നിന്നു ലഭിക്കുന്ന മരുന്നുകൾ ഉപയോഗിച്ച് വ്യാജ ചികിത്സ നടത്തുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കായംകുളം ഗോവിന്ദമുട്ടം സ്വദേശി ഓട്ടോഡ്രൈവർ റെജി രവീന്ദ്രൻ, സുധ രവീന്ദ്രൻ, ജയലക്ഷ്മി റെജി എന്നിവർക്കെതിരെയാണ് ആരോപണം. ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിൽ പലതരം ആയുർവേദ ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി പരാതിയിൽ പറയുന്നു.
മാധ്യമങ്ങളിൽ വാർത്തയായതോടെ ഡ്രഗ്സ് കൺട്രോളർ വിഭാഗവും വിഷയത്തിൽ ഇടപെട്ടു. പാവപ്പെട്ട ആളുകളെ പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ചികിത്സ നടത്തുന്നതെന്നും ഫോർ ഇന്ത്യാ ജസ്റ്റിസ് എന്ന സംഘടന സമർപ്പിച്ച പരാതിയിൽ പറയുന്നു.