യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ പ്രചാരണരംഗത്ത് സജീവം
1396475
Thursday, February 29, 2024 11:26 PM IST
ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി. സിറ്റിംഗ് എംപിയായ കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് ഇത്തവണയും മാവേലിക്കരയില്‍ യുഡിഎഫിനായി ജനവിധി തേടുന്നതെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മണ്ഡലത്തില്‍ കൊടിക്കുന്നിലിനുവേണ്ടി ചുവരെഴുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്.
എല്‍ഡിഎഫാകട്ടെ സിപിഐയുടെ യുവജന വിഭാഗം നേതാവായ സി.എ. അരുണ്‍കുമാര്‍ എന്ന പുതുമുഖ സ്ഥാനാര്‍ഥിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കളത്തിലിറക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ മാവേലിക്കര മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങള്‍ കര്‍ഷക ആത്മഹത്യയും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ്.
നെല്ലിനും റബറിനും തേങ്ങയ്ക്കും മരച്ചീനിക്കും പുറമേ ഇഞ്ചിയും കുരുമുളകുള്പ്പെടുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ വിളനിലം കൂടിയായ മണ്ഡലത്തില്‍ രാഷ്ട്രീയത്തിലുപരി കര്‍ഷകരും കൂലിപ്പണിക്കാരും ഉള്‍പ്പെടുന്ന സാധാരണക്കാരുടെ ജീവല്പ്രശ്നങ്ങളാകും തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. ഹാട്രിക് വിജയത്തിനുശേഷം നാലാമങ്കത്തിനിറങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്ന കരുത്തനായ കൊടിക്കുന്നിലിനെ വീഴ്ത്താന്‍ കന്നിയങ്കത്തിനിറങ്ങുന്ന അരുണ്കുമാറിനാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
ഏഴു നിയമസഭാ
മണ്ഡലങ്ങളും ഇടതിനൊപ്പം
മൂന്നു ജില്ലകളിലായാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ കിടപ്പ്. കൊല്ലം നഗരാതിര്‍ത്തിയായ മണ്റോതുരുത്തുവരെ നീളും മാവേലിക്കര മണ്ഡലം.
ഓണാട്ടുകരയും കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖല മാവേലിക്കരയുടെ ഭാഗമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം.
2016 ലും 2021 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ മൃഗീയ ഭൂരിപക്ഷമാണ് എല്‍ഡിഎഫിനുള്ളത്. നിലവില്‍ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്. എന്നിട്ടും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാറിനെ വീഴ്ത്തി കൊടിക്കുന്നില്‍ വിജയക്കൊടി പാറിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിനു സമാനമായ രാഷ്ട്രീയ ചരിത്രമാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിനുമുള്ളത്.
പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ തവണ വിജയിച്ചിട്ടുള്ളത്. 1962ല്‍ മണ്ഡലം രൂപം കൊണ്ടതുമുതല്‍ കൂടുതല്‍ കാലവും യുഡിഎഫിനൊപ്പംനിന്ന പാരമ്പര്യമാണ് അപ്പര്‍ കുട്ടനാടിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഈ മണ്ഡലത്തിനുള്ളത്. മൂന്നു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലത്തിന്റെ ഓരോ ജില്ലയിലെയും രാഷ്ട്രീയ ഭൂമികയും ഭൗമശാസ്ത്ര ഘടനകളും തികച്ചും വ്യത്യസ്തമാണ്.
കൂടുതല്‍തവണ
കോണ്‍ഗ്രസ്
1980 മുതല്‍ 1998 വരെ കോണ്‍ഗ്രസിലെ പി.ജെ. കുര്യന് അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1962ല്‍ സംവരണമണ്ഡലമായി രൂപീകൃതമാവുകയും എന്നാല്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സംവരണ സ്വഭാവും മണ്ഡലത്തിനു നഷ്ടമാവുകയും ചെയ്തു. 1967ല്‍ തിരുവല്ല മണ്ഡലം ഇല്ലാതായപ്പോള്‍ മാവേലിക്കരയുടെ രൂപം വീണ്ടും മാറി. പിന്നീട് 2008-09 ലെ പുനര്‍നിര്‍ണയത്തിലാണ് വലിയ മാറ്റമുണ്ടായത്.
സംവരണ മണ്ഡലമായിരുന്ന അടൂര്‍ ഇല്ലാതാവുകയും അടൂരിന്റെ ഒരുഭാഗം കൂടി ചേര്‍ന്നതോടെ മാവേലിക്കര വീണ്ടും സംവരണ മണ്ഡലമായി. കുട്ടനാട്കൂടി ഉള്‍പ്പെടുന്ന മണ്ഡലമായി മാവേലിക്കര മാറിയത് പുനര്‍നിര്‍ണയത്തോടെയാണ്. മണ്ഡല രൂപീകരണ ശേഷം 1962ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ ആര്.അച്യുതനായിരുന്നു ജയം.
1967ല്‍ മണ്ഡലം പൊതു മണ്ഡലമായി മാറിയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കര കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ ജി.പി. മംഗലത്തുമഠം വിജയിച്ചു. 1971ല്‍ കോണ്‍ഗ്രസ്-സിപിഐ മുന്നണി സ്ഥാനര്‍ഥിയായി മത്സരിച്ചത് കേരള കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണപിള്ളയായിരുന്നു.
സിപിഎമ്മിന് വേണ്ടി രംഗത്തിറങ്ങിയതാകട്ടെ എസ് .രാമചന്ദ്രന് പിള്ളയും. വാശിയേറിയ പോരാട്ടത്തില്‍ സിപിഎമ്മിന് കാലിടറി. 55,527 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബാലകൃഷ്ണപിള്ളയുടെ കന്നി ലോക്സഭ പ്രവേശത്തിന് മാവേലിക്കര വേദിയായി. 1977ല്‍ അടിയന്തിരാവസ്ഥ
യ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ കോണ്‍ഗ്രസിലെ ബി.കെ. നായര്‍ക്കായിരുന്നു ജയം. എന്നാല്‍, 1984ല്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സഹതാപതരംഗം ആഞ്ഞടിച്ചിട്ടും പൊതുവേ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായി കരുതിയിരുന്ന മാവേലിക്കര കോണ്‍ഗ്രസിനെ കൈവിട്ടു. ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ തമ്പാന് തോമസ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പിനെ പരാജയപ്പെടുത്തി മണ്ഡലം എല്‍ഡിഎഫ് പക്ഷത്തെത്തിച്ചു. 1984ല്‍ ഉപേന്ദ്രനാഥക്കുറുപ്പിനു വേണ്ടി മവേലിക്കരയില്നിന്ന് മാറിയ പി.ജെ. കുര്യന് അത്തവണ ഇടുക്കിയില്‍നിന്നു മത്സരിച്ച് ലോക്സഭയിലെത്തി. 1989ല്‍ മാവേലിക്കരയിലേക്ക് മടങ്ങിയെത്തിയ പി.ജെ. കുര്യന്, സിറ്റിംഗ് എംപി തമ്പാന് തോമസിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.
1991ലും 1996ലും 1998ലും കുര്യന് ജയം ആവര്‍ത്തിച്ചു. പക്ഷേ, ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറഞ്ഞു കൊണ്ടിരുന്നു. 1991ല്‍ 25,488 വോട്ടിനായിരുന്നു അദ്ദേഹം സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തിയതെങ്കില്‍ 1996ല്‍ സിപിഎമ്മിലെ എം ആര് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുമ്പോള്‍ കുര്യന്റെ ഭൂരിപക്ഷം 21,076 വോട്ടായി കുറഞ്ഞു.
1998ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വിദേശ കാര്യ വിദഗ്ധന്‍ കൂടിയായ പ്രഫ. നൈനാന് കോശിയോട് അദ്ദേഹം 1261 വോട്ടിന് കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. അപകടം മണത്ത കുര്യന് 1999ല്‍ മാവേലിക്കര ഉപേക്ഷിച്ച് ഇടുക്കിയിലേക്ക് പോയെങ്കിലും അവിടെ തോല്‍ക്കാനായിരുന്നു വിധി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിനോട് പരാജയപ്പെടുകയായിരുന്നു. പി.ജെ. കുര്യൻ ഉപേക്ഷിച്ച മാവേലിക്കരയില്‍ കോണ്‍ഗ്രസ് രമേശ് ചെന്നിത്തലയെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്തി.
2004ല്‍ കരുത്തനായ രമേശ് ചെന്നിത്തലക്കതിരെ പുതുമുഖമായ സി പി എമ്മിലെ സി.എസ്. സുജാത അട്ടിമറി വിജയം നേടി മണ്ഡലം ഇടതുപക്ഷത്തെത്തിച്ചു. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടൂരിലെ സിറ്റിംഗ് എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ ജനവിധി തേടി.
സിപിഐയിലെ ആര്.എസ്. അനിലിനെ തോല്‍പ്പിച്ചു. 2014ലും 2019ലും വിജയം ആവര്‍ത്തിച്ച കൊടിക്കുന്നില്‍ സുരേഷ്, കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കാലം ലോക്സഭാംഗമായ വ്യക്തിയെന്ന ഖ്യാതിയും സ്വന്തമാക്കി. അനുഭവ സമ്പത്ത് വോട്ടായി മാറുമെന്നും കൊടിക്കുന്നിലിലൂടെ വിജയക്കുതിപ്പ് തുടരുമെന്നുമാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍, മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി കായംകുളം കൃഷ്ണപുരം സ്വദേശിയായ എഐവൈഎഫ് നേതാവ് സി.എ. അരുണ്‍കുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന വലിയ ആത്മ വിശ്വാസത്തിലാണ് എല്‍ഡിഎഫ്.