മത്സ്യബന്ധന യാനം എല്‍പിജി കിറ്റിലേക്കു മാറ്റാന്‍ സബ്സിഡി
1396228
Thursday, February 29, 2024 1:55 AM IST
ആലപ്പുഴ: മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ എന്‍ജിനു പകരം എല്‍പിജി ഉപയോഗിക്കുന്ന എന്ജിൻ ആക്കുന്നതിനുള്ള കിറ്റിനും എല്‍പിജി സിലിണ്ടറിനും സബ്സിഡി നല്കുന്നു.
മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവരുന്ന മണ്ണെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും മണ്ണെണ്ണയുടെ ദൗര്‍ലഭ്യം, പരിസ്ഥിതി മലിനീകരണം തടയുക എന്നീ ലക്ഷ്യങ്ങളോടെയും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന യാനങ്ങളില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന മണ്ണെണ്ണ എന്ജിന് മണ്ണെണ്ണയ്ക്ക് പകരം എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന എന്ജിന് ആക്കുന്നതിനുള്ള കിറ്റിനും എല്‍പിജി സിലിണ്ടറിനുമാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.
ഗുണഭോക്താക്കളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ മത്സ്യത്തൊഴിലാളികളോ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളോ ആയിരിക്കണം. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം.
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിരിക്കണം. അപേക്ഷിക്കുന്നയാളുടെ പേരില്‍ മത്സ്യബന്ധന യാനവും എന്‍ജിനും സ്വന്തമായി ഉണ്ടായിരിക്കണം. നിലവില്‍ ഉപയോഗിച്ചിരുന്ന എന്ജിന് 2017 ലോ അതിനുശേഷമോ വാങ്ങിയതായിരിക്കണം. മത്സ്യബന്ധനത്തിന് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിഷിംഗ് ലൈസന്‍സ്, ഫിംസ് രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം.
നിശ്ചിത അപേക്ഷാഫോറം മത്സ്യത്തൊഴിലാളി സഹകരണ സംഘം മുഖേന ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. എല്‍പിജി കിറ്റിന്റെ വിലയുടെ 75 ശതമാനമോ 48,000 രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി ലഭിക്കും.
വിലയുടെ 25 ശതമാനം ഗുണഭോക്തൃ വിഹിതം അടയ്ക്കണം. എല്‍പിജി സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയുടെ 75 ശതമാനവും 4500 ഏതാണോ കുറവ് അത് സബ്സിഡിയായി ലഭിക്കും. 25 ശതമാനം ഗുണഭോക്തൃ വിഹിതം അടയ്ക്കണം. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം ഒപ്പുവയ്ക്കണം.
അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മത്സ്യബന്ധന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിഷിംഗ് ലൈസന്‍സ്, മണ്ണെണ്ണ പെര്‍മിറ്റ് കാര്‍ഡുകളുടെ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കണം.