അപ്പീലിൽ കളിച്ചെടുത്തത് ഒന്നാംസ്ഥാനം; മുട്ടത്തമ്മയുടെ മുറ്റത്ത് കൃതജ്ഞതാകളി
1374825
Friday, December 1, 2023 12:23 AM IST
ചേർത്തല: ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ അപ്പീലുമായെത്തി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയപ്പോൾ പരിഹാരമായി വീണ്ടും കളിച്ച് മുട്ടം പള്ളി മാതാവിന് സമർപ്പിച്ചു. 36 വർഷം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയിരുന്ന ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾക്ക് കഴിഞ്ഞ തവണ അർത്തുങ്കലിൽ എസ്എഫ്എച്ച്എസ് എസിൽ നടന്ന സബ് ജില്ലാമത്സരത്തിനിടെ ഒരു കുട്ടിയുടെ മുഖത്ത് മൈക്ക് തട്ടി താഴെ വീണ സംഭവം കാട്ടി ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് അപ്പീൽ നൽകുകയും വിജയിച്ചാൽ മുട്ടത്തുപ്പള്ളിയുടെ മടിത്തട്ടിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനടയിൽ കളിച്ചേക്കാമെന്ന് പരിശീലകൻ പത്മകുമാർ മേവട പ്രാര്‍ഥിച്ചിരുന്നു.
ഇതേത്തുടർന്ന് പ്രധാന വേദിയായ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ തലത്തിലെ വിധി നിർണയം വന്നപ്പോൾ ഒന്നാം സ്ഥാനം വരുകയും ഉടൻ തന്നെ മുട്ടം പള്ളിയുടെ തിരുനടയിൽ വഴിപാട് സഫലമാക്കുകയും ചെയ്തു. പ്രഥമാധ്യാപകൻ ഷാജി ജോസഫ്, അധ്യാപകരായ പ്രിനു, അജീന എന്നിവരും പങ്കെടുത്തു.