ഒറ്റ ദിവസം, ഒറ്റ മണിക്കൂർ: ജില്ലയിൽ ഇന്ന് തീവ്ര ശുചീകരണയജ്ഞം
1339498
Sunday, October 1, 2023 12:16 AM IST
ആലപ്പുഴ: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് വിവിധ കേന്ദ്രങ്ങളിലായി തീവ്ര ശുചീകരണയജ്ഞം നടത്തും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഒറ്റ ദിവസം, ഒറ്റ മണിക്കൂർ പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ആലപ്പുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എംപി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പി.പി. ചിത്തിരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ മുഖ്യാതിഥികളാകും. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ അധ്യക്ഷത വഹിക്കും.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. രാവിലെ പത്തു മുതൽ പതിനൊന്നുവരെയുള്ള ഒരു മണിക്കൂറിൽ ജില്ലയിലെ 1599 കേന്ദ്രങ്ങളിലായാണ് തീവ്ര ശുചീകരണയജ്ഞം നടക്കുന്നത്.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങി വിവിധ പൊതുയിടങ്ങളാണ് ശുചീകരിക്കുക. നഗരസഭയിൽ ഒരു ഡിവിഷനിൽ രണ്ട് പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകളിൽ വാർഡ് തലത്തിൽ ഓരോ പ്രവൃത്തികളുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വൃത്തിയാക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ അറിയാനായി www.swachhatahi seva.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.