പകർച്ചവ്യാധി ഭീതിയിൽ കോളനി നിവാസികൾ
1338276
Monday, September 25, 2023 10:47 PM IST
പൂച്ചാക്കൽ: പകർച്ചവ്യാധി ഭീതിയിൽ പട്ടികജാതി കോളനി നിവാസികൾ. തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കോളനി നിവാസികളാണ് പകർച്ചവ്യാധി ഭീതിയിൽ താമസിക്കുന്നത്. കോളനിയുടെ നടുവിലൂടെ കടന്നുപോകുന്ന കാനയിൽ ചെളിയും മാലിന്യവും നിറഞ്ഞതിനാൽ ഒഴുക്ക് നിലച്ചിരിക്കുകയാണ്.
വേമ്പനാട്ടു കായലിനെയും പൂച്ചാക്കൽ തോടിനെയും ബന്ധിച്ചു കിടക്കുന്ന കാനയാണ് ഇത്. വേലിയേറ്റ സമയങ്ങളിൽ പൂച്ചാക്കൽ തോട്ടിൽനിന്നും വരുന്ന മാലിന്യങ്ങൾ തിരികെ ഒഴുകി പോകാത്തതിനാൽ കാനയിൽ മാലിന്യം കെട്ടിക്കിടന്നു നിറയുകയാണ്.
പൂച്ചാക്കൽ മത്സ്യ മാർക്കറ്റുകളിൽനിന്നും തോട്ടിലേക്ക് തള്ളുന്ന മത്സ്യ മാലിന്യങ്ങൾ വേലിയേറ്റ സമയത്ത് കാനയിലെത്തും. പൂച്ചാക്കൽ തോട്ടിൽ കുളിച്ച പത്താംക്ലാസ് വിദ്യാർഥി ബ്രെയിൻ ഈറ്റിങ് അമീബ ബാധിച്ചു മരണപ്പെട്ടിട്ട് മൂന്നുമാസകുന്നതേയുള്ളു.
അന്നു പൂച്ചാക്കൽ തോട് വൃത്തിയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വാക്കുകളിൽ ഒതുങ്ങി. മഴ പെയ്യുമ്പോൾ കാന നിറഞ്ഞൊഴുകി കോളനി നിവാസികളുടെ വീടുകളിൽ കയറിയിരുന്നു.
കോളനിയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരും കുട്ടികളുമാണ് കൂടുതലും ആരോഗ്യ ഭീഷണി നേരിടുന്നത്. പ്രദേശത്തെ വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ച് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ പെയ്യുമ്പോഴെല്ലാം ബന്ധുവീടുകളിലേക്ക് മാറേണ്ട അവസ്ഥയിലാണ് കോളനിക്കാർക്കുള്ളത്.
പ്രദേശം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയെന്നും ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.