കടബാധ്യത മൂലം ആത്മഹത്യ: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുധാകരന്
1337847
Saturday, September 23, 2023 11:34 PM IST
അമ്പലപ്പുഴ: കടബാധ്യതമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കടബാധ്യതയും മാനസിക സംഘര്‍ഷവും മൂലം വിഷം കഴിച്ച് മരിച്ച വണ്ടാനം ചിറയില്‍ കെ.ആര്. രാജപ്പന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജപ്പന്റെ കുടുംബത്തിന്റെ കട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. ഒരാള്‍ക്ക് ജോലികൊടുത്ത് കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാവണം. അതിന് തയാറായില്ലെങ്കില്‍ കെപിസിസി പ്രക്ഷോഭം സംഘടിപ്പിക്കും.
കിട്ടാനുള്ള നെല്ലുവില ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. വാങ്ങിച്ച നെല്ലിന്റെ പണം പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിന് ഭരിക്കണം.
കര്‍ഷകനെ സഹായിക്കാന്‍ തയാറാവാതെ എംഎല്‍എമാരും മന്ത്രിമാരും ന്യായീകരിക്കുകയാണ്. കൊടുക്കാനുള്ള തുകയെകുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ സര്‍ക്കാര്‍ തയാറായില്ലന്നും കെ.സുധാകരന് പറഞ്ഞു.