ചേര്ത്തല: കേരള ബാങ്കിന്റെ ചേര്ത്തല, പട്ടണക്കാട് ശാഖകളില് നിന്നു സ്വര്ണം കാണാതായ സംഭവത്തില് പോലീസ് സ്പെഷല് ബ്രാഞ്ച് അന്വേഷണം തുടങ്ങി. 21 ലക്ഷം മൂല്യംവരുന്ന സ്വര്ണം നഷ്ടപ്പെട്ടതായാണ് ബാങ്ക് തലത്തില് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില് ശാഖകളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥയ്ക്കുനേരേയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്.
നടക്കാവ് റോഡില് 11.6 ലക്ഷത്തിന്റെ സ്വര്ണം നഷ്ടമായതിനെത്തുടര്ന്നു നടന്ന പരിശോധനയിലാണ് ഉദ്യോഗസ്ഥയിലേക്കു സംശയം നീങ്ങിയത്. ചോദ്യം ചെയ്യലില് ഇവര് കുറ്റസമ്മതം നടത്തി സ്വര്ണത്തിന്റെ മൂല്യമുള്ള പണം തിരികെ അടയ്ക്കുകയായിരുന്നു. സ്വര്ണപ്പണയ ഉരുപ്പടികളുടെ സ്റ്റോക്ക് പരിശോധിക്കാന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥയ്ക്കുനേരേയാണ് ആരോപണമെന്നതിനാല് ഇവര് സ്വര്ണ പണയ ഉരുപ്പടികള് പരിശോധിച്ച താലൂക്കിലെ എല്ലാ ശാഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. ഇതിനുശേഷം മാത്രമേ കൂടുതല് നഷ്ടം വിലയിരുത്താനാകുകയുള്ളു. റീജണല് ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പരിശോധനകളാണ് ശാഖകളില് നടക്കുന്നത്. ഒരാഴ്ച കാലയളവില് മാത്രമേ ഇതു പൂര്ത്തിയാകുവെന്നാണ് അറിയുന്നത്. ഇതിനുശേഷം മാത്രമേ അന്തിമ നഷ്ടം കണക്കാകുകയുള്ളു.