കെഎസ്ഇബി-പഞ്ചായത്ത് ചർച്ച അലസിപ്പിരിഞ്ഞു
1299498
Friday, June 2, 2023 11:10 PM IST
മാന്നാർ: വൈദ്യുതി ഓഫീസിനെതിരേ പരാതി പറഞ്ഞ ജനപ്രതിനിധികളുമായി നേരിട്ടു ചർച്ച നടത്താൻ മാന്നാർ പഞ്ചായത്തിലെത്തിയ വൈദ്യുതി ഉദ്യോഗസ്ഥർക്ക് ഓവർസിയർമാരെ ചർച്ചയിൽ ഉൾപ്പെടുത്തിയതിൽ പരാതി. അതോടെ ചർച്ച അലസിപ്പിരിഞ്ഞു.
മാന്നാർ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഏറിയതോടെ കഴിഞ്ഞ 25നു മാന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എല്ലാ ജനപ്രതിനിധികളും കെഎസ്ഇബി ഓഫീസിലെത്തി അസി.എൻജിനീയറെ കണ്ട് പ്രതിഷേധമറിയിച്ചു. ഇതേത്തുടർന്നാണ്പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്താമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മാന്നാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എൻജിനിയർ എന്നിവർ ചർച്ചയ്ക്കെത്തിയത്.
എന്നാൽ ഇവിടെ പങ്കെടുക്കാനെത്തിയ ഓവർസിയർമാരെ എൻജിനിയർമാർ പറഞ്ഞവിട്ടത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. പഞ്ചായത്ത് ക്ഷണിച്ചതനുസരിച്ച് എത്തിയ ഓവർസിയർമാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ ജനപ്രതിനിധികൾ ഇറങ്ങിപ്പോയതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോൾ ഓവർസിയർമാരുടെ ആവശ്യം ഇല്ലെന്നായിരുന്നു വൈദ്യുത ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നാൽ പഞ്ചായത്തിലെ പ്രദേശങ്ങളെ കൂടുതൽ അറിയാവുന്ന ഓവർസിയർമാരുടെ സാന്നിധ്യം അനിവാര്യമാണെന്നതിനാലാണ് അവരെ ചർച്ചയിലേക്ക് ക്ഷണിച്ചതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, വികസനകാര്യ സമിതി അധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സെലീന നൗഷാദ്, സുജിത് ശ്രീരംഗം, രാധാമണി ശശീന്ദ്രൻ, പുഷ്പലത, ശാന്തിനി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജനപ്രതിനിധികളാണ് ചർച്ചയ്ക്കെത്തിയത്.
കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനിയർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഓവർസിയർമാരെ പറഞ്ഞു വിട്ടത്. ഇതോടെ മാന്നാറിലെ വൈദ്യതി പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്.