അര്ത്തുങ്കല് ഹാര്ബര്: തടസങ്ങള് നീങ്ങി, നിര്മാണം ഉടന്
1283225
Saturday, April 1, 2023 10:53 PM IST
ചേര്ത്തല: അര്ത്തുങ്കല് മത്സ്യബന്ധന തുറമുഖത്തിന്റെ തുടര്നിര്മാണത്തിനായി ഫിഷറീസ് അക്വാകള്ച്ചര് ഇന്ഫ്രാസ്ട്രക്ചര് ഫണ്ടില്നിന്ന് 150 കോടി അനുവദിച്ചു. പദ്ധതിക്കു മുന്കൂറായി 50.23 ലക്ഷം സര്ക്കാരിലേക്കു ലഭിച്ചു. ഇതോടെ തുറമുഖത്തിന്റെ തുടര്നിര്മാണത്തിനുള്ള എല്ലാ തടസങ്ങളും അകന്നതായി മന്ത്രി പി.പ്രസാദ് പത്രസമ്മേളനത്തില് അറിയിച്ചു. അവശേഷിക്കുന്ന എല്ലാ പ്രവര്ത്തനങ്ങളും രണ്ടുവര്ഷത്തിനുള്ളില് പൂര്ത്തിയാക്കി തുറമുഖം യാഥാര്ഥ്യമാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് തുടങ്ങി.
തുറമുഖത്തിന്റെ തുടര്നിര്മാണത്തിനു തടസമായ എല്ലാകാര്യങ്ങളിലും ചെന്നൈ ഐ ഐടിയില് നിന്നുള്ള സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തില് വിശദമായ പഠനങ്ങള് നടത്തിയാണ് തുടര്നിര്മാണത്തിന് അംഗീകാരം കിട്ടിയത്. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തില്നിന്നു ഫെബ്രുവരി രണ്ടിനു അന്തിമാനുമതി ലഭിച്ച പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് നബാര്ഡ് അംഗീകാരം നല്കിയത്. തുടര്ന്ന് സംസ്ഥാന സര്ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചതോടെയാണ് ഫണ്ടിന് അനുമതിയായത്.
സംസ്ഥാന സര്ക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും ധനവകുപ്പിന്റെയും പൂര്ണ പിന്തുണയോടെ കൂട്ടായി നടത്തിയ പ്രവര്ത്തനങ്ങളാണ് ഫലം കണ്ടതെന്ന് മന്ത്രി പറഞ്ഞു. നിലവില് ഹാര്ബറിനായി വടക്ക് 260 മീറ്ററിലും തെക്ക് 510 മീറ്ററിലും പുലിമുട്ട് എത്തിയിട്ടുണ്ട്. ഇതിനൊപ്പം തെക്ക് 740 മീറ്ററിലും വടക്ക് 190 മീറ്ററുമായാലേ ലക്ഷ്യമെത്തുകയുള്ളു. ഇതിനൊപ്പം ലേലഹാള്, ഐസ് പ്ലാന്റ്, റോഡുകള്, 100 മീറ്റര് വാര്ഫ് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഇനിയും പൂര്ത്തിയാക്കാനുളളത്. ഒരുവര്ഷത്തിലേറെയായി നിലച്ചിരുന്ന പ്രവര്ത്തനങ്ങളാണ് പുനരാരംഭിക്കുന്നത്.
ഹാര്ബര് എന്ജിനിയറിംഗ് വകുപ്പിന്റെ കീഴില് ഓരോ പ്രവര്ത്തനങ്ങള്ക്കും പ്രത്യേകം കരാറുകള് നല്കിയായിരിക്കും പ്രവര്ത്തനങ്ങള്. രണ്ടു പതിറ്റാണ്ടായി പല ഘട്ടങ്ങളില് നിലച്ചും വീണ്ടും തുടങ്ങിയ പ്രവര്ത്തനങ്ങള് തടസങ്ങള് അകന്ന് ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഹാര്ബര് എന്ജിനിയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്ജിനിയര് എം.പി സുനിലും പത്രസമ്മേളനത്തില് പങ്കെടുത്തു.