അറുനൂറ്റിമംഗലം പള്ളിയിൽ നാല്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും
1281897
Tuesday, March 28, 2023 11:11 PM IST
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയത്തിലെ നാല്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും 30, 31 തീയതികളില്‍ നടക്കും. നാല്പതാം വെള്ളിയാഴ്ച നടക്കുന്ന കുരിശുമല കയറ്റത്തില്‍ പതിനായിരക്ക ണക്കിനു വിശ്വാസികളാണ് മല കയറി അനുഗ്രഹം നേടുന്നതിനായി അറുനൂറ്റിമംഗലം പള്ളിയിലെത്തുക.
നാളെ രാവിലെ 6.45ന് കൊടിയേറുന്നതോടെ നാല്പതാം വെള്ളി തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാവും. തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രദക്ഷിണമായി മലമുകളിലെത്തിച്ചു പ്രതിഷ്ഠിക്കും. 7.30ന് മലമുകളിലെ കപ്പേളയില്‍ വികാരി അഗസ്റ്റിന് വരിക്കമാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
വൈകുന്നേരം നാലിന് പള്ളിയില്‍ ദിവ്യബലി-ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, അഞ്ചിന് ദിവ്യകാരുണ്യ ആരാധന, ആറിന് കുരിശിന്റെ വഴി, 6.45ന് മലമുകളില്‍ ദിവ്യബലി, സന്ദേശം - ഫാ. തോമസ് ഓലായത്തില്‍, എട്ടിന് മലമുകളില്‍ ദിവ്യബലി, സന്ദേശം - ഫാ. ഷാജി മുകളേല്‍, 8.30ന് കുരിശിന്റെ വഴി, 9.30ന് മലമുകളില്‍ ദിവ്യബലി - ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍.
31ന് നാല്പതാം വെള്ളി ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് മലമുകളില്‍ ദിവ്യബലിയോടെ തിരു ക്കർമങ്ങൾ ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയിലേക്കു വിവിധ സ്ഥലങ്ങളില്‍നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍, കൈക്കാരന്മാരായ ടി.ടി. അഗസ്റ്റിന് തറയില്‍, കെ.വി. തോമസ് കരികുളം, എം.വി. ലൂക്കാ മംഗ്ലായിപ്പറമ്പില് എന്നിവര്‍ അറിയിച്ചു.