മാലിന്യസംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണം: മന്ത്രി
1281273
Sunday, March 26, 2023 10:09 PM IST
അമ്പലപ്പുഴ: മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ. തെളിനീരൊഴുകും അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായി കാക്കാഴം കാപ്പിത്തോടിന്റെ പുനർനിർമാണത്തിന് എച്ച്. സലാം എംഎൽഎ മുൻകൈയെടുത്ത് കിഫ്ബിയിൽനിന്ന് 8.24 കോടി രൂപ ചെലവിൽ നടത്തുന്ന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കളർകോട് മുതൽ പുക്കൈതയാറ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടമായി നവീകരിക്കുന്നത്. ജല സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി കാപ്പിത്തോടിനെ വീണ്ടെടുക്കുന്നതിന്റെ ഒന്നാം ഘട്ട പ്രവർത്തനമാണ് ആരംഭിച്ചത്.
എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. എ.എം. ആരിഫ് എംപി, ബ്ലോക്ക് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, ശോഭാ ബാലൻ, സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ശ്രീജാ രതീഷ്, അലിയാർ കുഞ്ഞുമോൻ, ലേഖമോൾ സനൽ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് സ്വാഗതം പറഞ്ഞു.