തിട്ടയിടിഞ്ഞു: നെല്ലുസംഭരണം മുടങ്ങി; റോഡ് നന്നാക്കി കർഷകർ
1279113
Sunday, March 19, 2023 10:30 PM IST
മങ്കൊമ്പ്: എങ്ങനെയെങ്കിലും നെല്ലുസംഭരണം പൂർത്തിയാക്കണമെന്നതിനായി റോഡ് നന്നാക്കാൻ നിർബന്ധിതരായി കർഷകർ. എടത്വ, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന ഇടക്കറുക നാലുനാല്പതു പാടശേഖരത്തിലെ കർഷകരാണ് സ്വന്തം പണം ഉപയോഗിച്ചു പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലുള്ള റോഡ് ഗതാഗതയോഗ്യമാക്കിയത്.
ഇവിടത്തെ വിളവെടുപ്പു പൂർത്തിയായതിനെത്തുടർന്ന് നെല്ലുസംഭരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നെല്ലും കയറ്റിവന്ന ലോറി കല്ലുകെട്ടടക്കം റോഡിന്റെ തിട്ടയിടിഞ്ഞതിനെത്തുടർന്ന് ചരിയുകയും നെല്ലുനിറച്ച ചാക്കുകൾ തോട്ടിലെ വെള്ളത്തിലേക്കു വീഴുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം അസാധ്യമാകുകയും സംഭരണം നിലക്കുകയും ചെയ്തു.
ചെറുകിടക്കാരായ 22 ഓളം കർഷകർക്കാണ് പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിനോടു ചേർന്ന് കൃഷിയിറക്കുന്നത്. ഇവരുടെ ചെലവിൽ 52 അടിയോളം നീളമുള്ള, തിട്ടയിടിഞ്ഞ ഭാഗത്ത് തെങ്ങിൻ കുറ്റികളടിച്ചു ഗ്രാവലിറക്കി റോഡ് പൂർവസ്ഥിതിയിലാക്കി. ഏകദേശം എഴുപത്തിയയ്യായിരം രൂപയോളം രൂപ ഇതിനായി ചെലവായതായി കർഷകർ പറയുന്നു.
നെല്ലുസംഭരിച്ചപ്പോൾ ക്വിന്റലൊന്നിന് രണ്ടര കിലോഗ്രാം വീതം കിഴിവു നൽകേണ്ടി വന്നതായി കർഷകർ പറയുന്നു. വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് അധികച്ചെലവുണ്ടായതെന്നും ഇവർ പറയുന്നു. റോഡ് നിർമിക്കുന്നതിനാവശ്യമായ തുക സർക്കാരിൽനിന്നും അനുവദിക്കണമെന്ന് കർഷകർ പറയുന്നു. നിലവിലെ ഗ്രാവൽ റോഡ്് മെച്ചപ്പെട്ട രീതിയിൽ പുനർനിർമിച്ചു ഗതാഗതയോഗ്യമാക്കാനും അധികൃതരുടെ ഇടപെടലുണ്ടാകണം. പാടശേഖരസമിതി സെക്രട്ടറി കെ.കെ. ജോസഫ്, ഹരിക്കുട്ടൻ, പാട്ടത്തിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.