സിനിമ പ്രേമികളുടെ മനം കവർന്ന വനിത ചലച്ചിത്ര മേള സമാപിച്ചു
1279106
Sunday, March 19, 2023 10:30 PM IST
ആലപ്പുഴ: ലോക സിനിമയുടെ വിസ്മയക്കാഴ്ചകളുമായി മൂന്നുദിവസം സിനിമ പ്രേമികളുടെ മനം കവർന്ന വനിത അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. മികച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു മേള.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച നിള, ബി 32മുതൽ 44 വരെ എന്നീ സിനിമകളുടെ ആദ്യ പ്രദർശനവും മേളയിൽ ഉണ്ടായിരുന്നു. ഈ രണ്ട് സിനിമകളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. രണ്ട് സിനിമകളുടെയും സംവിധായകർ, നായിക ശാന്തി കൃഷ്ണ എന്നിവരും സിനിമ കാണാനായി എത്തിയിരുന്നു.
ഇന്ത്യ, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, ജർമനി, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വനിത സംവിധായകരുടെ 25 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ആലപ്പുഴയ്ക്ക് പുറമേ സമീപ ജില്ലകളിൽ നിന്നുള്ള നിരവധി ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറങ്ങളിലും ചല്ചിത്ര പ്രേമികളുടേയും വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അവസാനമായി കോർസേജ്, മദർ ആൻഡ് സൺ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. വിപ്ലവ ഗായിക പി.കെ. മേദിനിയെക്കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച മാറ്റത്തിന്റെ പാട്ടുകാരി എന്ന ഡൊക്യൂമെന്ററിയും മേളയിലെ ശ്രദ്ധകേന്ദ്രമായി. സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ കൈരളി, ശ്രീ തിയേറ്ററുകളിലാണ് വനിത അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചത്.
മേളയില്‍ പ്രേക്ഷക പ്രശംസനേടി നിള
ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസനേടി നവാഗത സംവിധായിക ഇന്ദു ലക്ഷ്മിയുടെ നിള. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീയില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച സിനിമ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. സിനിമയുടെ ആദ്യ പ്രദര്‍ശനമായിരുന്നു. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ശാന്തികൃഷ്ണ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.
അപകടത്തെത്തുടര്‍ന്ന് ജീവിതം ഒരു മുറിക്കുള്ളില്‍ ഒതുങ്ങിപ്പോയ ഡോ. മാലതിയുടെ കഥയാണ് നിള. അത്രയും കാലത്തെ തിരക്കേറിയ ജീവിതത്തില്‍നിന്നും പെട്ടെന്ന് നിശബ്ദതയിലേക്കും ആശ്രിതത്വത്തിലേക്കും മാറേണ്ടിവരുന്ന മാലതി തന്റെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കുന്നതിനായി ഒരു പുതിയ സൗഹൃദം കണ്ടെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. വിനീത്, മാമുക്കോയ, അനന്യ എന്നിരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂണില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംവിധാകരായ ഇന്ദു ലക്ഷ്മി, ശ്രുതി ശരണ്യം, കെഎസ്എഫ്ഡിസി അഡ്മിനിഷ്ട്രേറ്റീവ് ഓഫീസര്‍ ഒ.വി. തദേവൂസ്, ചലച്ചത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.