ആദ്യാക്ഷരം നുകർന്ന വിദ്യാലയത്തിൽ അവർ വീണ്ടും ഒത്തുകൂടി
1263030
Sunday, January 29, 2023 9:43 PM IST
അന്പലപ്പുഴ: ആദ്യാക്ഷരം നുകർന്ന വിദ്യാലയത്തിൽ പഴയകാല ഓർമകൾ പങ്കുവയ്ക്കാൻ അവർ വീണ്ടും ഒത്തുകൂടി. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലാണ് നെല്ലിക്കാ മധുരം എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. 92 വർഷം പിന്നിടുന്ന സ്കൂളിൽ നവതിയാഘോഷത്തിന്റെ ഭാഗമായാണ് പൂർവ വിദ്യാർഥി സംഗമം നടത്തിയത്. 1932ൽ സ്ഥാപിതമായ സ്കൂളിൽ ഇതാദ്യമായാണ് മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.
രാവിലെ അധ്യാപകരും പൂർവ വിദ്യാർഥികളും പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന നെല്ലിക്കാ മധുരം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികളായ മെഡിക്കൽ കോളജാശുപത്രി സൂപ്രണ്ട് ഡോ. എ.അബ്ദുൾ സലാം, അന്തർ ദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ, ഹരികുമാർ തട്ടാരുപറമ്പിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഗുരുവന്ദനമെന്ന ചടങ്ങിൽ 40 ഓളം പൂർവ അധ്യാപകരെയും ആദരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്, പഞ്ചായത്തംഗം സുനിതാ പ്രദീപ്, പ്രഥമാധ്യാപിക നദീറ.എ, എസ്എംസി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി, സ്റ്റാഫ് സെക്രട്ടറി രജനി പി.ആർ എന്നിവർ പ്രസംഗിച്ചു.