നീർക്കുന്നം എസ്ഡിവി സ്കൂളിൽ ഇന്ന് ‘നെല്ലിക്കാമധുരം’
1262822
Saturday, January 28, 2023 11:13 PM IST
അമ്പലപ്പുഴ: ഓർമപ്പുസ്തകത്തിന്റെ താളുകൾക്കിടയി സ്കൂൾ മുറ്റത്ത് പൂർവവിദ്യാർത്ഥികൾ ഇന്ന് ഒത്തുകൂടുന്നു. നീർക്കുന്നം എസ്ഡിവി ഗവ യുപി സ്കൂളിലാണ് നെല്ലിക്കാമധുരം എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പ്രശാന്ത്. എസ്.കുട്ടി, കൺവീനർ നദീറ. എ, എസ്എംസി വൈസ് ചെയർമാൻ നിധിൽ കുമാർ, വിദ്യാർഥി പ്രതിനിധികളായ ഷഫീക്ക്, രംഗൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
92 വർഷം പിന്നിടുന്ന സ്കൂളിൽ നവതിയാഘോഷത്തിന്റെ ഭാഗമായാണ് പൂർവ വിദ്യാർഥി സംഗമം നടത്തുന്നത്. 1,300 ഓളം പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കും. 40 ഓളം പൂർവാധ്യാപകരെ ഗുരു വന്ദനം എന്ന ചടങ്ങിൽ വെച്ച് ആദരിക്കും. നീർക്കുന്നം എസ്ഡിവി ഗവയുപി സ്കൂൾ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യുപി സ്കൂളാണ്.
1932ൽ സ്ഥാപിതമായ സ്കൂളിൽ ഇതാദ്യമായാണ് മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9 ന് സാംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് 9.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന നെല്ലിക്കാ മധുരം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ മുഖ്യാതിഥിയാകും. പൂർവ വിദ്യാർഥികളായ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ.അബ്ദുൾ സലാം, അന്തർ ദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ, ഹരികുമാർ തട്ടാരുപറമ്പിൽ എന്നിവർ വിശിഷ്ടാതിഥികളാകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷീബാ രാകേഷ് സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും.പൂർവ വിദ്യാർഥികൂടിയായ രഞ്ജി താരം രാഹുൽ പുരാതി മാഗസിൻ പ്രകാശനം നിർവഹിക്കും. തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും ചലച്ചിത്രതാരം പുന്നപ്ര മധുവിന്റെ കലാ പരിപാടികൾ, പുന്നപ്ര ജ്യോതികുമാറിന്റെ പാട്ടരങ്ങ്, അനസിന്റെ ഗാനമേള എന്നിവയും നടക്കും.