കുട്ടനാട് എംഎൽഎ ഏറ്റവും വലിയ ദുരന്തം: കെ.സി.ജോസഫ്
1245757
Sunday, December 4, 2022 10:51 PM IST
മങ്കൊമ്പ്: വേലിയേറ്റവും വെള്ളപ്പൊക്കവും വേനൽ മഴയും മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കർഷകർക്ക് വേണ്ടി നിലപാടെടുക്കാത്ത കുട്ടനാട് എംഎൽഎ ഏറ്റവും വലിയ ദുരന്തമായിരിക്കുകയാണെന്ന് മുൻ മന്ത്രി കെ.സി.ജോസഫ്. കുട്ടനാട് നോർത്ത് - സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാമങ്കരിയിൽ നടത്തിയ കർഷക അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേലിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ വേലിയേറ്റ സമയത്ത് തണ്ണീർമുക്കം ബണ്ട് അടപ്പിക്കുന്ന കാര്യത്തിൽ എംഎൽഎ കാണിച്ച നിസംഗതയെ അദ്ദേഹം വിമർശിച്ചു.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 17-ാം തീയതി കുട്ടനാട്ടിൽനിന്ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് കർഷകരുടെ ലോംഗ് മാർച്ച് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. സമ്മേളനത്തിൽ അറിയിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ചു.