ഓണക്കിറ്റ് വിതരണം: കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിലേക്ക്
1225569
Wednesday, September 28, 2022 10:43 PM IST
ചേർത്തല: ഓണക്കിറ്റ് പാക്കിംഗ് ചെയ്തവർക്കും വിതരണം നടത്തിയ തൊഴിലാളികൾക്കും കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിവിൽ സപ്ലൈസ് താലൂക്ക് ഡിപ്പോയുടെ മുമ്പിൽ സമരത്തിനൊരുങ്ങുകയാണ് ഒരു വിഭാഗം തൊഴിലാളികൾ. ചേർത്തല ഡിപ്പോയുടെ കീഴിലുള്ള 24 ഔട്ട്ലെ റ്റുകളിലെയും വിവിധ മാവേലി സ്റ്റോറിലെയും തൊഴിലാളികളാണ് പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സർക്കാർ ഓണക്കിറ്റ് പാക്കിംഗ് ഇനത്തിലേക്ക് തുക മുൻകൂർ നൽകിയെങ്കിലും വിവിധ ഡിപ്പോകളിലെ ഉദ്യോഗസ്ഥരാണ് ചുവപ്പുനാട ഒരുക്കുന്നത്. ഓണത്തിനു മുമ്പുതന്നെ കൂലി അനുവദിച്ച് നൽകാമെന്നാണ് ഡിപ്പോ മാനേജർ പറഞ്ഞിരുന്നതെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് കിറ്റ് പാക്കിംഗ് വിതരണത്തിനുമുള്ള തുക ഇതുവരെ തന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. സമീപ ഡിപ്പോകളിലെല്ലാം 90% തുകയും ഓണത്തിനു മുൻപുതന്നെ നൽകി.
ചേർത്തല ഡിപ്പോ മാനേജരുടെ നടപടി മൂലമാണ് ഒരുമാസമായിട്ടും കൂലി കിട്ടാത്ത അവസ്ഥ ഉണ്ടായത്. നിലവിൽ ഓൺലൈൻ സംവിധാനത്തിലാണ് പാക്കിംഗും മറ്റ് ഇതര ചാർജുകളുടെയും കണക്കുകൾ നൽകുന്നത്. എന്നാൽ ചേർത്തല ഡിപ്പോയിൽ മാത്രം പലവിധ ന്യായങ്ങൾ പറഞ്ഞ് പണം നൽകാതിരിക്കുകയാണെന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൊഴിലാളികൾ പറഞ്ഞു.