വിത്തുണ്ട പ്രചാരണവുമായി റാന്നി ബിആർസി
1565467
Saturday, June 7, 2025 4:06 AM IST
റാന്നി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരു കോടി തൈകൾ നടുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് പരിഹാരവുമായി റാന്നി ബിആർസിയും പഴവങ്ങാടി ഗവ. യു.പി സ്കൂളും.
വനവത്കരണത്തിന് പുതിയൊരു ദിശാബോധം നൽകിക്കൊണ്ട്, പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് വിത്തുണ്ട പ്രചാരണ പരിപാടിക്കാണ് പരിസ്ഥിതിദിനത്തിൽ തുടക്കമിട്ടത്. റാന്നി ബിആർസി ഹാളിൽ നടന്ന ചടങ്ങിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ്.ജയന്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ബിപിസി ഷാജി എ. സലാം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന്, ശാസ്ത്രം ജില്ലാ കോഓർഡിനേറ്റർ എഫ്. അജിനി വിത്തുണ്ട നിർമാണത്തെക്കുറിച്ച് വിശദമായ പരിശീലനം നൽകി. സ്കൂൾ പ്രഥമാധ്യാപിക ഷിബി സൈമൺ, മേരി ലൈഫ് ബിആർസി കോഓർഡിനേറ്റർ ശില്പ നായർ എന്നിവർ പ്രസംഗിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർ ശില്പശാലയിൽ പങ്കെടുത്തു.വനമേഖലകളിൽ ഭക്ഷണ ലഭ്യത വർധിപ്പിച്ച് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യത്തിലാണ് വിത്തുണ്ട തയാറാക്കി വനംവകുപ്പിനെ ഏല്പിക്കുന്നത്.
ജൈവികവും അജൈവികവുമായ പ്രശ്നങ്ങളാൽ ഇല്ലാതായ ജൈവവൈവിധ്യങ്ങളെ വിത്തുണ്ടകളിലൂടെ പുനഃസൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. വന്യജീവികൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന മുള പോലെയുള്ള സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവയുടെ വിത്തുകളാണ് വിത്തുണ്ടകളിൽ നിക്ഷേപിക്കുന്നത്.