ഇന്ദിരയുടെ മരണത്തില്‍ തേങ്ങിക്കരഞ്ഞ തെന്നലയെ അടൂരുകാര്‍ക്ക് മറക്കാനാകില്ല
1565450
Saturday, June 7, 2025 3:51 AM IST
അടൂര്‍: അന്ന് തേങ്ങിക്കരഞ്ഞ തെന്നലെയെ അടൂരിലെ ജനം എങ്ങനെ മറക്കും. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ദിവസം വൈകുന്നേരം അടൂരില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിനിടെയുള്ള പ്രസംഗത്തില്‍ തേങ്ങിക്കരഞ്ഞ തെന്നല ബാലകൃഷ്ണപിള്ളയെ അടൂരുകാര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.
അടൂരില്‍ രണ്ടുതവണ എംഎല്‍എ ആയ തെന്നല ബാലകൃഷ്ണപിള്ള കൊല്ലത്ത് നിന്നും വന്ന് അടൂരിന്റെ മനസ് കീഴടക്കുകയായിരുന്നു. 1965 ല്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് അടൂരില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും തന്നെക്കാള്‍ സീനിയര്‍ ആയ കെ. എസ. ് പരമേശ്വന്പിള്ളയെ അദ്ദേഹം നിര്‍ദേശിച്ചു.
ജീവിതാവസാനംവരെയും രാഷ്ട്രീയത്തിലെ സൗഹൃദങ്ങള്‍ അദ്ദേഹം നഷ്ടമാക്കിയില്ല 95 വയസ് പൂര്‍ത്തീകരിച്ച തെന്നല ബാലകൃഷ്ണപിള്ളയെ 1982ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയര്‍മാനായിരുന്ന തേരകത്ത് മണിയും കണ്‍വീനറായിരുന്ന താനും തിരുവനന്തപുരത്തെ വീട്ടിലെത്തി ആദരിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് കൂടിയായ പ്രഫ.ഡി.കെ. ജോണ്‍ പറഞ്ഞു.
ശുരനാട് സ്വദേശിയായ തെന്നല ബാലകൃഷ്ണപിള്ള അയല്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ അവിഭക്ത കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു അടൂര്‍. കൊല്ലം ഡിസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ അദ്ദേഹത്തിന് അടൂരുമായി രാഷ്ട്രീയ ബന്ധങ്ങളും ഏറെയായിരുന്നു.
കറതീര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായി തെന്നലയെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. കോണ്‍ഗ്രസില്‍ ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന തെന്നലയെ അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പോര്‍മുഖങ്ങളും ബാധിച്ചില്ല. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന അദ്ദേഹം നല്ല ഒരു സഹകാരിയും കര്‍ഷക സുഹൃത്തുമായിരുന്നു.
അടൂരിന്റെ വികസന വഴികാട്ടി
അടൂര്‍ കേരള നിയമസഭയില്‍ അടൂര്‍ നിയമസഭാ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ച തെന്നല ബാലകൃഷ്ണപിള്ള നാടിന്റെ വികസന രംഗത്ത് വഴികാട്ടിയായിരുന്നു. പത്തനംതിട്ട ജില്ല രൂപീകരണത്തിനു മുമ്പ് 1977ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി അടൂരിനെ പ്രതിനിധാനം ചെയ്യുന്നത്. കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ മാത്യു മുതലാളിയെയാണ് 7700 വോട്ടിനു പരാജയപ്പെടുത്തിയത്.
ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹത്തിന്റെ അടുത്ത തെരഞ്ഞെടപ്പ് 1982ലായിരുന്നു. അടൂരില്‍ വീണ്ടും മത്സരിച്ച തെന്നല ബാലകൃഷ്ണപിള്ള സിപിഎമ്മിലെ സി.പി. കരുണാകരന്‍പിള്ളയെ പരാജയപ്പെടുത്തി. എന്നാല്‍ 1987ല്‍ സിപിഎമ്മിലെ ആര്. ഉണ്ണിക്കൃഷ്ണപിള്ളയോടു പരാജയപ്പെട്ടു.
പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ നിലവില്‍ വന്ന അടൂര്‍ താലൂക്കിന് ആസ്ഥാനം ഉണ്ടായത് തെന്നല എംഎല്‍എ ആയിരുന്ന കാലയളവിലാണ്. താലൂക്ക് രൂപീകരണത്തിനു പിന്നാലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടൂരിലെത്തി. ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ കണ്ടെത്തുന്നതും എംഎല്‍എയുടെ നേതൃത്വത്തിലാണ്. അടൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ നിര്‍മാണവും ഇക്കാലയളവിലാണ്.
അടൂര്‍ സെന്റ് സിറിള്‍സ് കോളജിന് സയന്‍സ് ബാച്ചുകള്‍ അനുവദിച്ചതും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെ കോളജിലെത്തിച്ച് ഡിഗ്രി കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി വാങ്ങിയതുമെല്ലാം തെന്നല എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണെന്ന് കോളജ് അധികൃതര്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ. കരുണാകരനെ സ്വാധീനിച്ച് കേരള ആംഡ് പോലീസ് ബറ്റാലിയനു വേണ്ടി സ്ഥലം വാങ്ങി തുടക്കം കുറിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. അടൂര്‍ പള്ളിക്കലാറിന് കുറുകെയുള്ള പാലം നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത് അദ്ദേഹമായിരുന്നു. ബസിലും, കാറിലും സഞ്ചരിക്കുന്ന തെന്നല ഖദര്‍ധാരിയായി അടൂരില്‍ എപ്പോഴും സജീവമായിരുന്നു. മണ്ഡലത്തില്‍ ധാരാളം വികസനങ്ങള്‍ നടന്നു.