കുരിശടി തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
1565457
Saturday, June 7, 2025 3:51 AM IST
പത്തനംതിട്ട: വാഴമുട്ടം മാര്‍ ബഹനാന് ഓര്‍ത്തഡോക്സ് പള്ളിയുടെ വാഴമുട്ടം ജംഗ്ഷനിലെ കുരിശടി തകര്‍ത്ത് മോഷണത്തിനു ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം തവനൂര്‍ അതല്ലൂര്‍ തൃപ്പള്ളൂര്‍,പോയിലി വളപ്പില്‍ വീട്ടില്‍ അനന്തകൃഷ്ണനാണ് ( 21) പിടിയിലായത്.
കഴിഞ്ഞ മേയ് 30ന് പുലര്‍ച്ചെയാണ് കുരിശടിക്കുനേരേ ആക്രമണമുണ്ടായത്. 20000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു.
സ്ഥലത്തും പരിസരങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അനന്തകൃഷ്ണനിലേക്ക് അന്വേഷണം നീങ്ങിയത്. കഴിഞ്ഞ മേയ് 27 ന് രാത്രി കൊടുമണ്‍ പുലരി ജംഗ്ഷനില്‍ നിന്നും മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതിനു മറ്റൊരു കേസു കൂടി ഇയാള്‍ക്കെതിരേയുണ്ട്.