പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും
1565461
Saturday, June 7, 2025 4:06 AM IST
പത്തനംതിട്ട: കേരളാ സാംബവർ സൊസൈറ്റി അടൂർ താലൂക്ക് ഖജാൻജിയും പള്ളിക്കൽ ശാഖാ സെക്രട്ടറിയുമായ പള്ളിക്കൽ ബാബുവിനെ അടൂർ സബ് ഇൻസ്പെക്ടർ അനൂപ് ചന്ദ്രൻ അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 ന് സാംബവർ സൊസെറ്റി താലൂക്ക് കമ്മിറ്റിനേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മേയ് 27 നാണ് ഒരു പരാതിയുടെ ഭാഗമായി ബാബുവും ഭാര്യയും പോലീസ് സ്റ്റേഷനിൽ ചെന്നത് . ആളുകൾ നോക്കിനിൽക്കവേയാണ് എസ്ഐ തന്നെ അകാരണമായി അപമാനിച്ചതും മർദ്ദിച്ചതുമെന്ന് ബാബു പറഞ്ഞു.
ജാതീയമായും ആക്ഷേപിക്കുകയുണ്ടായി. ഒപ്പമുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ചു. സിഐയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയ കേസിൽ എസ്ഐ അനാവശ്യമായി ഇടപെടുകയായിരുന്നു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, നിയമസഭ പെറ്റീഷൻ സമിതി, ഡിജിപി, എസ് സി എസ്ടി കമ്മീഷൻ, ജില്ലാ പോലീസ് മേധാവി എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.