മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ
1460660
Saturday, October 12, 2024 2:17 AM IST
റാന്നി: തവണ വ്യവസ്ഥയിൽ ഫോൺ ആവശ്യപ്പെട്ട്, വാങ്ങാനെന്ന വ്യാജേന മൊബൈൽ കടയിൽനിന്ന് ഫോൺ മോഷ്ടിച്ചയാളെ റാന്നി പോലീസ് പിടികൂടി. വടശേരിക്കര ചെറുകുളഞ്ഞി വാലുങ്കൽ ആർ. നിമിലിനെയാണ് ( 37 ) റാന്നി പോലീസ് അറസ്റ്റു ചെയ്തത്. റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന സിറ്റി സൂം എന്ന മൊബൈൽ കടയിൽ നിന്നാണ് 6800 രൂപവിലവരുന്ന ഫോൺ മോഷ്ടാവ് എടുത്തു കടന്നത്.
സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ വ്യക്തമായതിനുപിന്നാലെ പോലീസിൽ പരാതി നൽകുകയും നിമിലിനെ ഭാര്യാ ഗൃഹത്തിൽനിന്ന് പോലീസ് പിടികൂടുകയുമായിരുന്നു.
മോഷ്ടിച്ച മൊബൈൽ വിറ്റ ഇട്ടിയപ്പാറ ഐത്തല റോഡിലെ മൊബൈൽ കടയിലെത്തി പോലീസ് തെളിവെടുത്തു. ഇവിടെ 2500 രൂപയ്ക്കാണ് ഇയാൾ മൊബൈൽ ഫോൺ വിറ്റത്, 1000 രൂപ അഡ്വാൻസായി നൽകിയതായും ബില്ലുമായി വരുമ്പോൾ ബാക്കി തുക നൽകാമെന്ന് പറഞ്ഞതായും കടയുടമ പോലീസിന് മൊഴിനൽകി. കടയിലെ കൗണ്ടറിൽനിന്ന് ഫോൺ പോലീസ് കണ്ടെടുത്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ കുടുക്കിയത്.