പീഡനക്കേസിലെ മറ്റൊരു പ്രതികൂടി ബ്രാഞ്ച് സമ്മേളനത്തില്‍, സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു
1459401
Monday, October 7, 2024 3:42 AM IST
തിരുവല്ല: പീഡനക്കേസ് പ്രതി സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ നടന്ന തിരുവല്ല നാട്ടുകടവ് ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളന വേദി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ സമ്മേളനനഗരിയില്‍ എത്തിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം നാസറിന് മെംബര്‍ഷിപ്പ് പുതുക്കി നല്‍കിയതായി ഏരിയ കമ്മിറ്റി അംഗം അറിയിച്ചു. എന്നാല്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല.
ഇതോടെയാണ് കടുത്ത വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സ്ഥിതിയും ഉണ്ടായത്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്ന് നാട്ടുകടവ് ബ്രാഞ്ച് സമ്മേളനം മൂന്നുതവണ മാറ്റിവച്ചിരുന്നു.
ഏരിയ കമ്മിറ്റി അംഗം പ്രമോദ് ഇളമണിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതു സംഘര്‍ഷാവസ്ഥയിലെത്തിയത്.
നാസര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ ചൊല്ലി ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലും ചേരിതിരിഞ്ഞുള്ള വാക്കേറ്റം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് നാട്ടുകടവ് സമ്മേളനത്തില്‍ നാസറിനെച്ചൊല്ലി തര്‍ക്കമുണ്ടായത്.