കോന്നിയിൽ ആറു മാസത്തിനുള്ളിൽ എല്ലാവർക്കും പട്ടയം: എംഎൽഎ
1458725
Friday, October 4, 2024 2:28 AM IST
കോന്നി: ആറു മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് കെ. യു. ജനീഷ്കുമാർ എംഎൽഎ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടന്ന പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
15നു തിരുവല്ലയിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും. നിയോജക മണ്ഡല പരിധിയിൽ ഇനിയും പട്ടയം ലഭിക്കാനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും.
പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. പട്ടയം ലഭിക്കാനുള്ളവരുടെ വിവരശേഖരണവും അപേക്ഷ സ്വീകരിക്കലും കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
അരുവാപ്പുലം, കലഞ്ഞൂർ,കോന്നി, മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു.ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിക്കാത്തവർ കോന്നി നിയോജക മണ്ഡലത്തിലുണ്ട്. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയം നൽകുന്നതിനാണ് കേന്ദ്രാനുമതി തേടിയിട്ടുള്ളതെന്നും ജനീഷ് കുമാർ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മണിയമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.നവനീത്, അനി സാബു തോമസ്, രേഷ്മ മറിയം റോയ്, ഷാജി കെ. സാമുവൽ, എ.ബഷീർ, ഡെപ്യൂട്ടി കളക്ടർ മിനി തോമസ്, തഹസിൽദാർ കെ. മഞ്ജുഷ, വില്ലേജ് ഓഫീസർമാർ, റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.