ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
1458539
Thursday, October 3, 2024 2:26 AM IST
പത്തനംതിട്ട: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിമുക്തി മിഷൻ വിവിധ കേന്ദ്രങ്ങളിൽ ലഹരിക്കെതിരേ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിമുക്തിയുടെ പ്രവർത്തനങ്ങളും സമൂഹം അവയോടുചേർന്നു നിൽക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.
കൊടുന്തറ ഗവൺമെന്റ് സ്കൂളിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവഹിച്ചു. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, തുടങ്ങി സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവർ പങ്കെടുത്തു. ചർച്ചകൾക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മീഷൻ വി. റോബർട്ട് മറുപടി നൽകി. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ അഖിൽ കുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജെസിയമ്മ ജോഷ്വാ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, എഇഒ ടി.എസ്. സന്തോഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മഹാത്മാ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജശേഖരൻ നായർ, എക്സൈസ് ഇൻസ്പെക്ടർ കെ. എം. ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആകാശ് മുരളി, ആദിൽ മുബാറക് എന്നിവർ പ്രസംഗിച്ചു.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ മോഡറേറ്റർ ആയിരുന്നു. വിവിധ റേഞ്ചുകളുടെ അടിസ്ഥാനത്തിൽ റാന്നി, തിരുവല്ല, മല്ലപ്പള്ളി, ചിറ്റാർ അടൂർ, പത്തനംതിട്ട കോന്നി എന്നീ സ്ഥലങ്ങളിലും ലഹരി വിരുദ്ധ സംവാദ സദസ് സംഘടിപ്പിച്ചു.