സന്യാസം സഭയുടെ അടിത്തറ: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ
1454272
Thursday, September 19, 2024 2:50 AM IST
തിരുവല്ല: സന്യാസമാണ് സഭയുടെ നിലനില്പെന്നും സന്യാസം നഷ്ടപ്പെടുന്നിടത്ത് സഭ ദുർബലപ്പെടുമെന്നും ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
മിശിഹാനുകരണ സന്യാസിനീസമൂഹം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഇന്നലെ നടന്ന സമൂഹബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഏതു സഭയുടെ അടിസ്ഥാനവും സന്യാസമാണ്. മലങ്കര കത്തോലിക്കാ സഭയ്ക്ക് രൂപം നൽകുന്നതിന് മുന്പുതന്നെ മാർ ഇവാനിയോസ് പിതാവ് സന്യാസ സമൂഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ ഈ കാലഘട്ടത്തിൽ സഭ ദുർബലപ്പെടുന്നു എന്ന് പറയുമ്പോൾ ആദ്യം അവിടെ ദുർബലപ്പെടുന്നത് സന്യാസം തന്നെയാണ്. ജീവിതം പരിത്യാഗത്തിന്റെ നാളുകളിലേക്ക് സമർപ്പിക്കപ്പെടുവാൻ ആളില്ലാത്ത അവസ്ഥ സംജാതമാകുന്നു.
സഭാസംവിധാനം മാനുഷിക സംവിധാനം ചട്ടക്കൂട്ടിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാലാണിതെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ഇതുമൂലം സന്യാസത്തിന്റെ യഥാർഥ ചൈതന്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മിശിഹാനുകരണ സന്യാസിസമൂഹം സാർവത്രിക സഭയ്ക്കുതന്നെ ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.