തിരുവോണക്കാഴ്ചയുമായി മലവേടസമൂഹം ഇണ്ടംതുരുത്തില്‍ തറവാട്ടില്‍
1453718
Tuesday, September 17, 2024 12:46 AM IST
തിരുവല്ല: കല്ലൂപ്പാറ ഇണ്ടംതുരുത്തില്‍ തറവാട്ടില്‍ തിരുവോണക്കാഴ്ചയുമായി മലവേട സമൂഹം ഇക്കുറിയുമെത്തി. കുടുംബാംഗങ്ങള്‍ അവരെ ധന, ധാന്യ, വസ്ത്രാദികള് നല്കി സന്തോഷപൂര്‍വം സ്വീകരിച്ചു.
പഴമയുടെ ഗരിമ വിളിച്ചോതിക്കൊണ്ട് അവര്‍ പുറമടിയാട്ടം, കോല്‍ക്കളി, കൈകൊട്ടിക്കളി, മുടിയാട്ടം തുടങ്ങിയ പരമ്പരാഗത ഗോത്ര കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട് അടുത്ത വര്‍ഷം കാണാമെന്നുള്ള ഉറപ്പ് നല്കി സംഘം മടങ്ങി.
ഇണ്ടംതുരുത്തില്‍ കുടുംബത്തിന്റെ ആയുര്‍വേദ പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് തറവാടിന്റെ മലവേടസമൂഹവുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധം.
ഈ ചടങ്ങുകള്‍ക്ക് കുടുംബ കാരണവര്‍ ഇ.എന്‍. ഗോപാലകൃഷ്ണനും നിലവില്‍ കുടുംബത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തിന്റെ കാവലാളായ ഡോ. മഞ്ജു മധുസൂദനനും, റ്റി.എസ്. മധുസൂദനനും ചേര്‍ന്ന് നേതൃത്വം നല്കി.
പ്രമുഖ വ്യവസായി ഡോ. ജോണ്‍ മാത്യു, കുടുംബയോഗം പ്രസിഡന്റ് മോഹന്‍ദാസ് സുഗന്ധിയും പത്നിയും ഗോപാലകൃഷ്ണന്റെ മക്കളായ ജ്യോതി ഗോപാലും ഭര്‍ത്താവ് സതീഷ് വാളോത്തില്‍, ഇളയമകള്‍ ഡോ. രോഹിണി ലക്ഷ്മി, പൊതുപ്രവര്ത്തകന് ഏബ്രഹാം മാത്യു കല്ലൂപ്പാറ എന്നിവരും കൂടാതെ അയല്‍വാസികളായ കുടുംബസുഹൃത്തുകളും ചടങ്ങില്‍ പങ്കുചേര്‍ന്നു.